ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രഥമ ഔദ്യോഗിക വസതിയായ ലൂട്ടിയൻസ് ബംഗ്ലാവ് 1,100 കോടി രൂപക്ക് വിറ്റു. ഇന്ത്യയിലെ ഏറ്റവും വിലനൽകിയ ഭവന ഇടപാടുകളിൽ ഒന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു. ‘17 യോർക്ക് റോഡിലെ വസതി ഇപ്പോൾ മോത്തിലാൽ നെഹ്‌റു മാർഗ് എന്നാണറിയപ്പെടുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്റു 1946ൽ ഇടക്കാല സർക്കാറിന്റെ കാലത്താണ് ഇവിടെ താമസിച്ചത്. പിന്നീട് 1948ൽ ഡൽഹിയിലെ തീൻമൂർത്തി ഹൗസിലേക്ക് താമസം മാറി.
നിലവിൽ ബംഗ്ലാവിന്റെ കൈവശാവകാശം രാജസ്ഥാൻ രാജകുടുംബാംഗങ്ങളായ രാജ്കുമാരി കക്കറിനും ബീന റാണിക്കുമാണ്. വസ്തു കൈമാറ്റം ചെയ്യുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും ‘ദി എകണോമിക് ടൈംസ്’ പറഞ്ഞു.
പുതിയ ഉടമസ്ഥരുടെ വിവരം രഹസ്യമാക്കിവച്ചിരിക്കുകയാണ്. പ്രമുഖ വ്യവസായിയാണ് പുതിയ ഉടമസ്ഥർ എന്ന വിവരം മാത്രമാണ് പുറത്തുവിട്ടത്.
പ്രസ്തുത സ്വത്തിൽ അവകാശമോ ഉടമസ്ഥതതയോ അവകാശപ്പെടുന്ന ഏതൊരാൾക്കും 7 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള തെളിവുകൾ സഹിതം തങ്ങളെ സമീപിക്കാവുന്നതാണെന്നും അല്ലാത്തപക്ഷം പ്രസ്തുത സ്വത്തിന്റെ കാര്യത്തിൽ ഉടമസ്ഥാവകാശം ആർക്കും നിലനിൽക്കില്ലെന്നും നിയമ കമ്പനി അറിയിപ്പിൽ പറഞ്ഞു.
3.7 ഏക്കറിലായി 14,973 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മൂന്ന് നിലകളുള്ള ബംഗ്ലാവാണിത്. ഹോട്ടൽ താജ് മാൻസിങ്ങിന് എതിർവശത്താണിത് സ്ഥിതിചെയ്യുന്നത്. 1912 നും 1930 നും ഇടയിൽ ബ്രിട്ടീഷ് ആർക്കിടെക്റ്റ് എഡ്വിൻ ല്യൂട്ടൻസ് രൂപകൽപന ചെയ്തതാണിത്. മുമ്പ് വാടകക്കു നൽകിയിരുന്ന കെട്ടിടം നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.
മന്ത്രിമാർ, ജഡ്ജിമാർ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ താമസിക്കുന്ന ഏകദേശം 3,000 ബംഗ്ലാവുകൾ ഈ മേഖലയിൽ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള 600 ലധികം സ്വത്തുക്കളും പ്രദേശത്തുണ്ട്. ഉടമകൾ വസ്തുവിന് 1,400 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 1,100 കോടി രൂപക്ക് പുതിയ ഉടമക്ക് കൈമാറാനാണ് കരാറായത്. വിൽപന സംബന്ധിച്ച ചർച്ചകൾ ഒരുവർഷമായി നടക്കുന്നുണ്ട്.
Comments
Post a Comment