ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി സിപി രാധാകൃഷ്ണൻ
തെരഞ്ഞെടുക്കപ്പെട്ടു. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ രാധാകൃഷ്ണൻ 452 വോട്ട് നേടി. പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ട് ലഭിച്ചു. പ്രതിപക്ഷത്തെ 315 എം.പിമാർ വോട്ട് ചെയ്തതായി നേരത്തെ കോൺഗ്രസ് പ്രസ്താവിച്ചിരുന്നു. ഇത്തരത്തിൽ ഇന്ത്യ സഖ്യത്തിന്റെ സുദർശൻ റെഡ്ഡിക്ക് ലഭിക്കേണ്ട വോട്ടുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.
1974ൽ ഭാരതീയ ജനസംഘം സംസ്ഥാന നിർവാഹക സമിതി അംഗമായി. ജനസംഘത്തിനും ജനതാ പാർട്ടിക്കും ശേഷം ബിജെപിയിലും അംഗമായി. 1996ൽ ബിജെപി തമിഴ്നാട് ഘടകം സെക്രട്ടറിയായി. 1998ലും 1999ലും കോയമ്പത്തൂരിൽനിന്ന് ബിജെപിയുടെ പാർലമെൻറ് അംഗമായി. ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ പാർലമെൻററി സമിതി അധ്യക്ഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സമിതി അംഗം, ധനകാര്യ കൂടിയാലോചന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഓഹരി കുംഭകോണം അന്വേഷിച്ച പാർലമെൻററി സമിതിയിലും അംഗമായിരുന്നു. 2004ൽ പാർലമെൻററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു. ആർഎസ്എസ് പ്രവർത്തകനായ സിപി രാധാകൃഷ്ണൻ. 1957 മേയ് നാലിന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ സികെ പൊന്നു സാമിയുടെയും കെ ജാനകിയുടെയും മകനായാണ് ജനനം. വിഒ ചിദംബരം കോളജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ശേഷമാണ് മുഴുസമയ ആർഎസ്എസ് പ്രവർത്തകനായത്. പിന്നീട് പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്ഡി എടുത്തു.
2016 കയർ ബോർഡ് ചെയർമാനായി കൊച്ചിയിൽ പ്രവർത്തിച്ച രാധാകൃഷ്ണൻ നാലുവർഷം ഈ പദവിയിൽ തുടർന്നു. 2020 മുതൽ 2022 വരെ ബിജെപി കേരളത്തിന്റെ സംഘടനാ ചുമതലയുണ്ടായിരുന്നു. 2004മുതൽ 2007 വരേ ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റായി. 2023 ൽ ഝാർഖണ്ഡ് ഗവർണറായി. 2024 മഹാരാഷ്ട്ര ഗവർണറായി. ഇതിനിടയിൽ തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്. ഗവർണറുടെയും ചുമതലകളും വഹിച്ചു. ഭാര്യ: ആർ സുമതി. ഒരു മകനും മകളുമുണ്ട്.
Comments
Post a Comment