ജനിച്ച് 20ആം ദിവസം നവജാത ശിശുവിന്റെ വയറ്റിൽ രണ്ട് ഭ്രൂണങ്ങൾ: ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു


ന്യൂഡൽഹി:
ജനിച്ച് 20ആം ദിവസം നവജാത ശിശുവിന്റെ വയറ്റിൽ കണ്ടെത്തിയ രണ്ട് ഭ്രൂണങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഗുരഗ്രാമിലെ ഫോട്ടിസ് മെമോറിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശസ്ത്രക്രിയയിലാണ് ഭ്രൂണം നീക്കം ചെയ്തത്. വയറു വീർത്ത് ഭക്ഷണം കഴിക്കാനാകാത്ത നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ സ്‌കാനിൽ കുട്ടിയുടെ വയറ്റിൽ വളരുന്ന രണ്ട് മുഴകൾ കണ്ടെത്തി. പിന്നീട് അവ ഭ്രൂണങ്ങളാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കുട്ടിയുടെ ആരോഗ്യ നില വഷളായതിനാൽ  15 അംഗ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അപൂർവങ്ങളിൽ അപൂർവമായ ഫീറ്റസ്-ഇൻ-ഫീറ്റോ അഥവാ എഫ്‌ഐഎഫ് എന്ന രോഗാവസ്ഥയാണ് കുഞ്ഞിനെ ബാധിച്ചത്. ഇരട്ടക്കുട്ടികൾ ജനിക്കുന്നത് സമാനമായ അവസ്ഥയാണ് ഇതിന്റെ ആദ്യ ഘട്ടം. ബീജസങ്കലനത്തിന് ശേഷം അണ്ഡങ്ങളിലൊന്ന് അമ്മയുടെ ഗർഭപാത്രത്തിൽ വികസിക്കുമ്പോൾ മറ്റൊന്ന് കുഞ്ഞിന്റെയുള്ളിൽ പറ്റിച്ചേർന്ന് വികസിക്കാൻ തുടങ്ങും. ലോകത്താകെ 200ൽ താഴെ കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
 യഥാർത്ഥത്തിൽ മൂന്ന് കുട്ടികളെയാണ് യുവതി ഗർഭം ധരിച്ചത്. ഇതിൽ രണ്ട് കുട്ടികൾ  ഒരു കുട്ടിയുടെ വയറ്റിലാണ് വളർന്നത്. വളരെ സങ്കീർണമായ ശസ്ത്രക്രിയയായിരുവന്നുവെന്നും നിലവിൽ കുട്ടി ആരോഗ്യവാനായിരിക്കുകയാണെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പീഡിയാട്രിക് സർജൻ ഡോ.ആനന്ദ് സിൻഹ പറഞ്ഞു.കുട്ടിയുടെ കരൾ,കിഡ്‌നി, ആമാശയം തുടങ്ങിയവയിൽ പറ്റിചേർന്ന് വളർന്നതിനാൽ ശസ്ത്രക്രിയ കോംപ്ലിക്കേഷൻ നിറഞ്ഞതായി.  രണ്ട് മണിക്കൂറിനൊടുവിലാണ് കുട്ടിയുടെ വയറ്റിൽ നിന്നും ഭ്രൂണങ്ങൾ നീക്കം ചെയ്തതെന്നും ഡോക്ടർ പറഞ്ഞു.
 2019ൽ  കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ 45 ദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറ്റിൽ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ  ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.

Comments