റിയോ ഡി ജനീറോ: 2026 ഫിഫ ലോകകപ്പിന്റെ തെക്കനമേരിക്കൻ യോഗ്യതാ റൗണ്ട് പോരാട്ടങ്ങൾക്ക് ഫൈനൽ വിസിൽ മുഴങ്ങിയതോടെ വിശ്വ കാൽപന്ത്മേളയിലേക്കുള്ള ലാറ്റിനമേരിക്കൻ ടീമുകളുടെ ചിത്രം തെളിഞ്ഞു. 48 ടീമുകൾ മത്സരിക്കുന്ന ലോകകപ്പിൽ ഇതുവരെയായി 18 ടീമുകളാണ് യോഗ്യത നേടിയത്. 16 ടീമുകൾ യൂറോപ്പിൽ നിന്നാണ് എത്തുക. ഇവിടെ മത്സരങ്ങൾ ചൂട് പിടിച്ച് വരുന്നേയുള്ളൂ. ആറ് ടീമുകളുള്ള ലാറ്റിനമേരിക്കൻ റൗണ്ടിലെ മൽസരങ്ങൾ ഇന്നത്തോടെ അവസാനിച്ചു.
രണ്ടു വർഷത്തെ നീണ്ട കാലയളവിനൊടുവിലാണ് 18 മത്സരങ്ങൾ ഉൾപ്പെടുന്ന റൗണ്ട് അവസാനിച്ചത്. 2023സെപ്റ്റംബറിൽ തുടങ്ങി, 2025 സെപ്റ്റംബറിൽ റൗണ്ട് അവസാനിച്ചപ്പോൾ അത്ഭുതങ്ങളൊന്നും ഇത്തവണയുമില്ല. തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്തായ ചിലിയുടെ പ്രകടനം ഏറെ നിരാശയായി. 48 ടീമുകൾ മാറ്റുരക്കുന്ന ആദ്യ ലോകകപ്പ് മൽസരമാണ് ഇത്തവണ അമേരിക്ക, മെക്സികോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്നത്. 32 ടീം ലോകകപ്പിൽ ലാറ്റിനമേരിക്കയിൽ നിന്ന് നാല് ടീമുകൾക്കാണ് നേരിട്ട് യോഗ്യയുണ്ടായിരുന്നത്. 2026ൽ ആറ് ടീമിന് നേരിട്ട് യോഗ്യതയുണ്ടാകും. നിലവിലെ ലോകചാമ്പ്യന്മാരും ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരുമായ അർജന്റീന 18 കളിയിൽ 12 ജയവുമായാണ് തെക്കുനിന്ന് കേമന്മാരായത്. പത്ത് ടീമുകൾ മത്സരിച്ച റൗണ്ടിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ചിലി നിരാശപ്പെടുത്തിയത്. 18 കളിയിൽ രണ്ട് ജയം മാത്രം നേടാനെ കോപ അമേരിക്കയിൽ രണ്ടു തവണ ജേതാക്കളായ ചിലിക്ക് കഴിഞ്ഞുള്ളൂ. 2018ലും 2022ലും ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ പോയ ചിലിയില്ലാത്ത മൂന്നാം ലോകകപ്പാവും അമേരിക്കയിലേത്.
യോഗ്യതാ മത്സരത്തിന്റെ പോയന്റ് നിലപരിശോധിക്കാം
അർജന്റീന 18 കളിയിൽ 12 ജയവും 38 പോയന്റുമായാണ് ഒന്നാമത്.
എട്ട് ജയവും എട്ട് സമനിലയുമായി എക്വഡോർ രണ്ടാം സ്ഥാനം. ശരിക്കും പ്രകാരം 32 പോയന്റുണ്ടെങ്കിലും, കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടീം അംഗത്തിന്റെ ജനന രേഖയിലെ കൃത്രിമത്വത്തിന്റെ പേരിൽ മൂന്ന് പോയന്റ് കുറച്ചു.എങ്കിലും 29പോയന്റുമായി എക്വഡോർ രണ്ടാം സ്ഥാനക്കാരായി ഇടം ഉറപ്പിച്ചു. മൂന്നാം സ്ഥാനത്ത് കൊളംബിയ 28 പോയന്റ്. ഇതേ പോയന്റുള്ള ഉറുഗ്വായ് നാലും, ബ്രസീൽ അഞ്ചും, പരഗ്വേ ആറും സ്ഥാനത്താണുള്ളത്. മൂന്ന് ലോകകപ്പിന്റെ കാത്തിരിപ്പിനു ശേഷമാണ് പരഗ്വേ ലോകകപ്പിന് എത്തുന്നത്. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്വാർട്ടർഫൈനൽ വരേ എത്തിയെങ്കിലും പരഗ്വേ, 2014, 2018, 2022 ലോകകപ്പുകളിൽ യോഗ്യത നേടിയില്ല. ഏഴാമത് ലോകകപ്പിന് യോഗ്യത നേടിയ കൊളംബിയക്ക് 2022 ലോകകപ്പിന് പുറത്തിരിക്കേണ്ടി വന്നു.
Comments
Post a Comment