സുജിത്തിനു നേരേയുണ്ടായത് തീവ്രവാദ ക്യാംപുകളില്‍ ചെയ്യാത്ത ക്രൂരത; നടപടി സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് എക്‌സ്ട്രീമിലേക്ക് പോകും; വി ഡി സതീശന്‍


കൊച്ചി:
യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനെ പോലിസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിക്കുന്ന ദൃശ്യം എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ക്രിമിനലുകളോട് പോലും കാണിക്കാത്ത മര്‍ദനമുറകളാണ് കേരള പോലിസ് നിരപരാധിയായ ചെറുപ്പക്കാരനു നേരെ് അഴിച്ചുവിട്ടത്. കസ്റ്റഡി പീഡനമാണ് നടന്നത്. പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം. പ്രതികളെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സാധാരണ ചെയ്യാത്ത എക്‌സ്ട്രീമിലേക്ക് പോകും. സുജിത്ത് ഒരു തെറ്റും ചെയ്തിട്ടില്ല. സുജിത്ത് മദ്യപിച്ചെന്ന ആരോപണം പരിശോധനയിലൂടെ തെറ്റാണ് തെളിഞ്ഞു. മനപൂര്‍വം മര്‍ദിക്കുകയായിരുന്നു.കുറ്റാരോപിതരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നീക്കം. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം തൃശ്ശൂര്‍ ഡിഐജി പറഞ്ഞത് സ്വീകാര്യമല്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉപജാപക സംഘമാണ് പോലിസിനെ ഭരിക്കുന്നത്. ആ ഉപജാപക സംഘത്തിന്റെ വക്താവായി ഡിഐജി മാറരുത്. അത്തരത്തില്‍ മാറുന്ന പോലിസ് ഉദ്യോഗസ്ഥര്‍ നോക്കിയിരുന്നോണം. പോലിസുകാരെ രക്ഷപ്പെടുത്തുന്നതില്‍ സിപിഎം ജില്ലാ കമ്മിറ്റി വരെ ശ്രമം നടത്തി. മുതിര്‍ന്ന നേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതിലുണ്ട്. കേരളത്തിലെ പോലിസ് ഇത്രയും വഷളായ കാലഘട്ടം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. എത്രയോ നല്ല ഉദ്യോഗസ്ഥന്മാര്‍ സേനയിലുണ്ട്. സേനക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ്. തീവ്രവാദികളുടെ ക്യാംപുകളില്‍ ചെയ്യാത്ത ക്രൂരതയാണിത്. ഈ വിഷയത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 സുജിത്തിനെ പോലിസ് സ്റ്റേഷനില്‍വച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. മര്‍ദിച്ച പോലിസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. ഇന്ന് എസ്‌ഐയുടെ വീട്ടിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. 

2023 ഏപ്രില്‍ അഞ്ചിനാണ് സുജിത്തിനെ പോലിസ് മര്‍ദിച്ചത്. സംഭവ ദിവസം ചൊവ്വന്നൂരില്‍ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പോലിസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം സ്റ്റേഷനിലെ എസ് ഐ നുഅ്മാന്‍ സുജിത്തിനെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

 തുടര്‍ന്ന് സ്റ്റേഷനിലെ ഇടിമുറിയില്‍ വെച്ച് എസ് ഐ നുഅ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പോലിസിനെ ഉപദ്രവിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ റിമാന്‍ഡ് ചെയ്യാനായിരുന്നു പോലിസ് നീക്കം. എന്നാല്‍, വൈദ്യപരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശാനുസരണം നടത്തിയ വൈദ്യപരിശോധനയില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചതായി തെളിഞ്ഞു. തുടര്‍ന്ന് സുജിത്ത് മനുഷ്യാവകാശ കമീഷനു പരാതി നല്‍കുകയായിരുന്നു.

 യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ വിഎസ് സുജിത്തിനെ പോലിസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തായത്. സുജിത്തിനെ മര്‍ദിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ നാല് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുന്നംകുളം കോടതി കേസെടുത്ത നടപടിക്ക് പിന്നാലെയാണ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സുജിത്ത് നടത്തിയ രണ്ട് വര്‍ഷത്തിലേറെ നീണ്ട നിരന്തരമായ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായത്. കേസിന്റെ തുടക്കത്തിലേ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നല്‍കാന്‍ പോലിസ് തയാറായില്ല. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലെയും സിസിടിവികള്‍ പരസ്പരബന്ധിതമാണെന്നും ദൃശ്യങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം വീണ്ടെടുക്കാന്‍ സാധ്യമല്ലെന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍ സംസ്ഥാന വിവരാവകാശ കമീഷന്‍ പോലിസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

Comments