ഗസ യുദ്ധം: ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടികളെ അപലപിക്കുന്നു- മുഹമ്മദ് ബിന്‍ സല്‍മാന്‍
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തി
റിയാദ്: ഫലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുന്ന ഏതൊരു നടപടികളെയും അപലപിക്കുന്നതായി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും മധ്യപൗരസ്ത്യ മേഖലയില്‍ നീതിയുക്തവും സുരക്ഷിതവും സമഗ്രവുമായ സമാധാനം കൈവരിക്കേണ്ടതുണ്ടെന്നുമുള്ള സൗദിയുടെ നിലപാട് കിരീടാവകാശി ആവര്‍ത്തിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണില്‍ നിന്ന് ലഭിച്ച ഫോണ്‍ കോളിനിടെയാണ് ഇക്കാര്യം പറഞ്ഞത്. സൗദിയും ഫ്രാന്‍സും തമ്മില്‍ നിരവധി മേഖലകളില്‍ നിലവിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ വികസനങ്ങള്‍ ഉള്‍പ്പെടെ മേഖലയിലെ സംഭവവികാസങ്ങളും ഗസ്സയിലെ മാനുഷിക ദുരന്തം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും അവര്‍ അവലോകനം ചെയ്തു. അതേസമയം, പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും നീതിയുക്തമായ സമാധാനം കൈവരിക്കുന്നതിനുമായി ഈ സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലി യോഗങ്ങളോടൊപ്പം സൗദിക്കൊപ്പം തന്റെ രാജ്യവും ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തിന് നേതൃത്വം നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിക്കാനുള്ള വാഷിങ്ടണിന്റെ നീക്കത്തെ മാക്രോണ്‍ വിമര്‍ശിച്ചു.
നീക്കത്തെ 'അസ്വീകാര്യം' എന്ന് വിശേഷിപ്പിക്കുകയും ഫലസ്തീന്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് യു.എന്‍ ആതിഥേയ രാജ്യ കരാറിന് അനുസൃതമായി തീരുമാനം പിന്‍വലിക്കണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാരത്തിനായി സാധ്യമായ ഏറ്റവും വിശാലമായ അന്താരാഷ്ട്ര പിന്തുണ സമാഹരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതാണ് ഇസ്രായേലികളുടെയും ഫലസ്തീനികളുടെയും ന്യായമായ അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള ഏക മാര്‍ഗം ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിചേര്‍ത്തു.
Comments
Post a Comment