ഇസ്രയേല്‍ ആക്രമണം സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്: യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന


ദോഹ:
ദോഹയില്‍ നടന്ന ഇസ്രയേല്‍ ആക്രമണം  സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ അധികൃതര്‍. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ ദോഹയില്‍ ഹമാസ് നേതാക്കൾ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ഇസ്രയേലിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.  രാജ്യാന്തര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഖത്തർ പ്രസ്താവിച്ചു. രാജ്യത്തിന്റെയും താമസക്കാരുടെയും സുരക്ഷക്ക് ഇത് വലിയ ഭീഷണിയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഖത്തർ അറിയിച്ചു.  ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥരായി നിൽക്കുന്നത് ഖത്തർ, ഈജിപ്ത്, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ്. ഈ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ആക്രമണം.

Comments