ഹമാസ് നേതാക്കളെ ലക്ഷമിട്ട് ഖത്തറിൽ ഇസ്രായേൽ ആക്രമണം:പരമാധികാരത്തിനെതിരായ നടപടി വെച്ചുപൊറുപ്പിക്കില്ലെന്ന് ഖത്തർ
![]() | |
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടം | Photo: Reuters |
ദോഹ: ഹമാസ് നേതാക്കളെ ലക്ഷമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ ആക്രമണം. ദോഹയിലെ റെസിഡൻഷൽ ഏരിയയിൽ ഹമാസിന്‍റെ നേതാക്കൾ താമസിക്കുന്ന കെട്ടിടം ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിൽ ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ നടക്കുന്നതിനിടെയാണ് ഹമാസ് നേതാക്കളെ ലക്ഷമിട്ട് ഇസ്രായേൽ ആക്രമണം. ആക്രമണത്തെ തുടർന്ന് ഖത്തർ ഭരണകൂടം ജാഗ്രടയിലാണ്. പ്രദേശത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുരക്ഷാസേന, സിവിൽ ഡിഫൻസ്, ബന്ധപ്പെട്ട മറ്റ് വകുപ്പുകൾ എന്നിവ ഉടൻതന്നെ സംഭവസ്ഥലത്തെത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇസ്രായേൽ ആക്രണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കെട്ടിടങ്ങൾക്ക് നേരെ നടത്തിയത് ഭീരുത്വപരമായ ആക്രമണമെന്ന് ഖത്തർ പറഞ്ഞു. മേഖലയുടെ സുരക്ഷയെ നിരന്തരം ദുർബലപ്പെടുത്തുന്ന ഇസ്രായേലിന്റെ നടപടി അംഗീകരിക്കാനാകില്ല. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാജിദ് അൻസാരി എക്സിൽ പോസ്റ്റ് ചെയ്തു. ഖത്തറിന്‍റെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യമിട്ടുള്ള ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ല. ഉന്നത തലത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നയങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം കുറിച്ചു.
ഷിൻബെറ്റ് സെക്യൂരിറ്റി ഏജൻസിക്കൊപ്പം സംയുക്ത ആക്രമണം നടത്തിയെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സും സ്ഥിരീകരിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ ഏഴ് ആക്രമണത്തിന് ഉത്തരവാദികളായവരെ വകവരുത്തിയെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. അതേസമയം ദോഹയിൽ മധ്യസ്ഥ ചർച്ചകളിൽ പങ്കെടുക്കുന്നവരെ ഇസ്രായേൽ ലക്ഷ്യമിട്ടെന്നാണ് ഹമാസിന്‍റെ പ്രതികരണം. ആക്രമണത്തിന്റെ തീവ്രതയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Comments
Post a Comment