മരിക്കുന്ന ഗസയെ രക്ഷിക്കാൻ തിരകൾ കീറിമുറിച്ച് 'ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല'

ടൂണിഷ്: ഇസ്രായേലിന്റെ ഗസ ഉപരോധം മറികടക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യാന്തര സമൂഹത്തിന്റെ കടൽ സഞ്ചാരമാണ് ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല. ഗസക്ക് മാനുഷിക സഹായം നൽകുകയും പലസ്തീൻ ജനതയുമായുള്ള ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.'ഉസ്തു സുമൂദുൽ ആലമി' അല്ലെങ്കിൽ 'ഉസതുൽ ഹർക്കതിൽ ആലമി' എന്ന് അറബികൾ വിശേഷിക്കുന്ന ഗ്ലോബൽ ഫ്രീഡം ഫോട്ടില്ലയാണിത്. ഇസ്രായേൽ അതിക്രമത്തിനെതിരായ ഒരു പ്രതീകാത്മക സമരമാണിത്.
  ഇസ്രായേലി നിയന്ത്രണങ്ങൾ മറികടന്നും ഉപരോധത്തെ വെല്ലുവിളിച്ചുകൊണ്ടും ഗാസയിലേക്ക് ഒരു മാനുഷിക സമുദ്ര ഇടനാഴി സ്ഥാപിക്കാനാണ് ഫ്ലോട്ടില്ല ശ്രമിക്കുന്നത്.
  സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ഉൾപെടെ മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, ഡോക്ടർമാർ, പത്രപ്രവർത്തകർ എന്നിവരുൾപ്പെടുന്ന 44 രാജ്യങ്ങളിൽ നിന്നുള്ള 6,000-ത്തിലധികം പേർ ഈ യാത്രയുടെ ഭാഗമാണ്. സൂസൻ സരണ്ടൻ, റോജർ വാട്ടേഴ്‌സ് എന്നിവരാണ് ദൗത്യത്തിലെ മറ്റു ശ്രദ്ധേയ വ്യക്തികൾ. മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള ഒന്നിലധികം തുറമുഖങ്ങളിൽ നിന്ന് പുറപ്പെട്ട് ഗാസയിൽ ഒത്തുചേരാനൊരുങ്ങുന്ന  50-ലധികം കപ്പലുകളും ബോട്ടുകളുമാണ് ഫ്ലോട്ടില്ലയിൽ ഉള്ളത്.
 മലേഷ്യ, സ്പെയിൻ, ടുണീഷ്യ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പുറപ്പെടുന്ന  കപ്പലുകൾ ഏകദേശം 3,000 കിലോമീറ്റർ (1,620 നോട്ടിക്കൽ മൈൽ) സഞ്ചരിച്ചാണ് ഗാസയുടെ തീരത്ത് എത്തുക. ഇതിന് ഏകദേശം ഒരാഴ്ചയെടുക്കും. സുരക്ഷാ കാരണങ്ങളാൽ കപ്പലുകളുടെയും പുറപ്പെടൽ പോയിന്റുകളുടെയും കൃത്യമായ സ്ഥലവും എണ്ണവും  വെളിപ്പെടുത്തിയിട്ടില്ല. സമുദ്രയാത്രയിലെ കൊടുങ്കാറ്റുകൾ പോലുള്ള പ്രതിസന്ധി കൾക്ക് പുറമേ ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളും യാത്രയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അന്താരാഷ്ട്ര കപ്പൽ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും ടുണീഷ്യൻ തീരത്തുവച്ച് ഇസ്രായേലിന്റെ ഡ്രോൺ ആക്രമണം ഫ്ലോട്ടില്ലക്ക് നേരിടേണ്ടി വന്നു. ഗസയിലേക്കുള്ള കടൽ യാത്രികരെ കസ്റ്റഡിയിലെടുക്കുമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
ഇസ്രായേലിന്റെ ഗാസ ഉപരോധം ഇല്ലാതാക്കാൻ 2010 ലും  ഫ്രീഡം ഫ്ലോട്ടില്ല ശ്രമിച്ചിരുന്നു. അന്ന് 10 രാജ്യാന്തര ആക്ടിവിസ്റ്റുകൾ കൊല്ലപ്പടുകയും ചെയ്തതാണ്. സുമൂദ് ഫ്ലോട്ടില്ലയുടെ സുരക്ഷയുടെ കാര്യത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.  കൊളംബിയ,ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഈ ദൗത്യത്തെ പരസ്യമായി തന്നെ പിന്തുണച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ഇതുവരേ പിന്തുണയ്ക്കാതെ നിൽക്കുകയാണ്. ഫ്രീഡം ഫ്ലോട്ടില്ല സഖ്യം, ഗ്ലോബൽ മൂവ്മെന്റ് ഫോർ ഗസ്സ,മഗ്രിബ് സുമൂദ് ഫ്ലോട്ടില്ല, സുമൂദ് നുസന്താര എന്നിവയാണ്
ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയെ നയിക്കുന്ന സഖ്യങ്ങൾ. ബോട്ടുകൾ ഗസൻ തീരത്തോട് അടുക്കുംതോറും അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക വർദ്ധിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപത് പാർലമെന്റ് അംഗങ്ങൾ ഫ്ലോട്ടില്ലയിൽ പങ്കെടുക്കുന്നുണ്ട്. ഉപരോധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പരിശ്രമങ്ങൾക്ക് ഇത് ഊർജ്ജം പകരുമെന്ന് കരുതുന്നു. ഗ്രേറ്റ തുൻബെർഗിനെ നേരത്തെ ഇസ്രായേൽ പിടികൂടി നാടുകടത്തിയതാണ്.

Comments