'ബാഗ്രാം എയർബേസ് നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും'; താലിബാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്


വാഷിങ്ടൺ
: ബാഗ്രാം എയർബേസ് നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് താലിബാൻ ഭരണകൂടത്തിന് മുന്നറിയിപ്പു നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം യുഎസിന് തിരികെ നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇതിനോട് ​അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ അഫ്ഗാന് മോശം സാഹചര്യം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

  2021ൽ യുഎസ് സേനയെ പിൻവലിച്ചതിനെ തുടർന്നാണ് ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം താലിബാനു കൈവന്നത്. ഈ എയർബേസ് ലഭ്യമായാൽ യുഎസിന് ചൈനീസ് അതിർത്തിയിൽ തന്ത്രപ്രധാനമായ താവളമായിരിക്കും  കൈവരും. കഴിഞ്ഞ ദിവസം ലണ്ടൻ സന്ദർശനിടേയും ട്രംപ് ഇക്കാര്യം സൂചിപ്പിക്കുന്നു.
 ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കും. അത് ലോകത്തിലെ ഏറ്റവും വലിയ വ്യോമതാവളങ്ങളിൽ ഒന്നാണ് എന്നും യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറുമായുള്ള വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഒന്നും വാങ്ങാതെയാണ് ഞങ്ങൾ ബഗ്രാം അഫ്ഗാന് കൊടുത്തത്. ഇപ്പോൾ അത് ഞങ്ങൾ തിരികെ വാങ്ങാൻ പോവുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
 ട്രംപിന്റെ നീക്കത്തെ ചൈന എതിർക്കുന്നുണ്ട്. അഫ്ഗാനിസ്താന്റെ ഭാവി അവിടത്തെ ജനങ്ങളുടെ കൈയിലാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു. അഫ്ഗാൻ ജനതയുടെ പുരോഗതിയിൽ എല്ലാവരും പങ്ക്  വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ അഫ്ഗാൻ മണ്ണിലെ ഒരിഞ്ച് പോലും വിദേശ സൈന്യത്തിനായി വിട്ടുകൊടുക്കില്ലെന്ന് അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖി പറഞ്ഞിരുന്നു. ഈ സന്ദേശം ട്രംപിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്രംപിന്റെ പുതിയ അവകാശവാദത്തോട്  താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments