മക്ക: സൗദി അറേബ്യൻ ഗ്രാൻഡ് മുഫ്തിയും ഹൈഅതുൽ കിബാർ(ഉന്നത പണ്ഡിത സഭ) ന്റെ തലവനുമായ ശൈഖ് അബ്ദുൽ അസീസ് ആലൂ ശൈഖ് നിര്യാതനായി.
ഇസ്ലാമിക പരിഷ്കർത്താവും ആധുനിക സലഫി ആശയധാരയുടെ ആചാര്യനുമായി അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ വംശപരമ്പരയിലെ കണ്ണിയാണ് അദ്ദേഹം. ഈ പറമ്പരയിലുള്ളവരെ ആലു ശൈഖ് എന്നാണ് വിളിക്കപ്പെടുക. 1982 മുതൽ 2015 വരെ 35 വർഷം അറഫ പ്രസംഗം നിർവ്വഹിച്ച അദ്ദേഹം ഏറ്റവും ദീർഘകാലം അറഫാ ഖുതുബ നടത്തിയ ഖതീബാണ്. ബാല്യകാലത്ത് തന്നെ ശൈഖ് മുഹമ്മദ് ബിൻ സിനാന്റെ കീഴിൽ ഖുർആൻ ഹൃദിസ്ഥാനമാക്കിയ വ്യക്തിയാണ് ആലു ശൈഖ്.
ആദ്യകാലത്ത് റിയാദിലെ ഇമാമുദ്ദഅവ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായിരുന്നു. തുടർന്ന് ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്ലാമിക് സർവകലാശാലയുടെ കീഴിലുള്ള റിയാദ് കോളജ് ഓഫ് ശരീഅയിൽ അസോസിയേറ്റ് പ്രൊഫസർ ആയി. അവിടെ അധ്യാപനത്തിന് പുറമെ, കോളജ് ഓഫ് ശരീഅ, കോളജ് ഓഫ് ഉസൂൽ അദ്ദീൻ, റിയാദിലെ ഹൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറി, മക്കയിലെ ഉമ്മുൽ ഖുറാ സർവകലാശാലയിലെ കോളജ് ഓഫ് ശരീഅ എന്നിവിടങ്ങളിലെ മാസ്റ്റർസ്, ഡോക്ടറേറ്റ് ഗവേഷണങ്ങളുടെ മേൽനോട്ടം നിർവഹിച്ചു. കൂടാതെ റിയാദിലെ ഹൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറിയിൽ അധ്യാപനവും സർവകലാശാലയിലെ വിവിധ ശാസ്ത്ര കൗൺസിലുകളിൽ അംഗത്വവും വഹിച്ചു.

Comments
Post a Comment