വത്തിക്കാന്‍: ഗസ്സ യുദ്ധം അവസാനിപ്പിക്കാന്‍ ഏക പോംവഴി ദ്വിരാഷ്ട്ര പരിഹാരമെന്ന് മാര്‍പാപ്പ പോപ് ലിയോ പതിനാലാമന്‍. ഇസ്രായേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പുറത്തുവിട്ട വാര്‍ത്ത കുറിപ്പിലാണ് പ്രതികരണം. ഹെര്‍സോഗ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പീട്രോ പറോളിന്‍, വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലഗര്‍ എന്നിവരെയും കണ്ടിരുന്നു. മുന്‍ മാര്‍പാപ്പ പോപ് ഫ്രാന്‍സിസിന്റെ മാതൃകയില്‍ ഇസ്രായേല്‍ അതിക്രമങ്ങളെ വിമര്‍ശിക്കുന്ന നിലപാടാണ് പുതിയ മാര്‍പാപ്പയും സ്വീകരിക്കുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലയും പട്ടിണി ആയുധമാക്കുന്നതും അധാര്‍മികമാണെന്നും അവര്‍ നിര്‍ത്തുന്നില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മാര്‍പാപ്പ പറഞ്ഞത് ഇസ്രായേല്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.സമഗ്രമായ വെടിനിര്‍ത്തലുണ്ടാവുകയാണെങ്കില്‍ തങ്ങള്‍ പിന്‍വാങ്ങി ഗസ്സയില്‍ സ്വതന്ത്രഭരണകൂടം സ്ഥാപിക്കുന്നതിന് സമ്മതമാണെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍, ഇത് തള്ളിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു യുദ്ധം ഉടന്‍ അവസാനിപ്പിക്കാമെന്നും വ്യവസ്ഥകള്‍ തങ്ങള്‍ പറയുമെന്നും വ്യക്തമാക്കി.
ഗസ്സയില്‍ 24 മണിക്കൂറിനിടെ, ഇസ്രായേല്‍ ആക്രമണത്തില്‍ 84 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. 338 പേര്‍ക്ക് പരിക്കേറ്റു. ഗസ്സ സിറ്റിയിലെ ഒരു കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടവര്‍ 64,231 ആയി. 1,61,583 പേര്‍ക്ക് പരിക്കേറ്റു.
Comments
Post a Comment