അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലൽ: ബില്ലിന് മന്ത്രിസഭയോ​ഗത്തിൽ അം​ഗീകാരം- രാഷ്ട്രപതിയുടെ അനുമതിക്ക് സമർപ്പിക്കും


തിരുവനന്തപുരം
: ജനവാസ മേഖലയിൽ ഇറങ്ങി ആക്രമണം നടത്തുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അതിവേഗം അനുമതി നൽകുന്ന നിയമ ഭേദഗതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഭേദഗതി വരുത്തിയത്. എന്നാൽ, രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നിയമഭേദഗതിക്ക് സാധുതയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയുടെ ആശങ്ക തീർക്കലാണ് സംസ്ഥാന സർക്കാറിൻറെ ലക്ഷ്യം.വന്യജീവി അക്രമം തുടർക്കഥയായ കേരളത്തിലെ മലയോരങ്ങളിൽ ജനരോഷം രൂക്ഷമായി രിക്കുകയാണ്.  1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിക്കാണ് സംസ്ഥാന കാബിനറ്റ് അനുമതി നൽകിയത്. ജനവാസ മേഖലയിൽ ഇറങ്ങി അക്രമം നടത്തിയ വന്യമൃഗങ്ങളെ വെടിവെക്കാൻ പുതിയ ഭേദഗതി പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് അതിവേഗം ഉത്തരവിടാം. കലക്ടർ അല്ലെങ്കിൽ ചീഫ് ഫോറസ്റ്റ് കൺസ‍ർവേറ്ററുടെ ശുപാർശ മാത്രം മതി. ഒന്നുകിൽ വെടിവെച്ചു കൊല്ലാം അല്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടാം.
മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ കേന്ദ്രത്തിനൊപ്പം കേരളം എന്ത് ചെയ്തുവെന്ന വിമർശനത്തിനുള്ള മറുപടികൂടിയാണ് നിയമഭേദഗതി ബിൽ.
നിലവിലെ നിയമപ്രകാരം വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിടാൻ നടപടിക്രമങ്ങൾ ഏറെയാണ്. കാട്ടിലേക്ക് തുരത്തുന്നതിനാണ് ഇപ്പോൾ മുൻഗണന, അത് പരാജയപ്പെട്ടാൽ മാത്രം അവസാന നടപടിയാണ് വെടിവെക്കൽ. ഇതിനാകട്ടെ ആറ് അംഗ വിദഗ്ധ സമിതിയുടെ അനുമതി വേണം. അക്രമിച്ച മൃഗത്തെ തന്നെയാണ് വെടിവെക്കാൻ പോകുന്നതെന്ന് ഫോട്ടോ സഹിതം ഉറപ്പാക്കണം. കടുവയാണെങ്കിൽ നരഭോജിയാണെന്ന് ഉറപ്പാകണം. കേന്ദ്രനിയമത്തിൽ സംസ്ഥാനത്തിന് ഭേദഗതി നിർദ്ദേശിക്കാമെങ്കിലും രാഷ്ട്രപതിയുടെ അനുമതി നിർബന്ധമിണ്. ഗവർണ്ണറുടെ  അംഗീകാരവും വേണം. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളന കാലയളവിൽ ബിൽ അവതരിപ്പിച്ച് പാസാക്കുമെങ്കിലും നിയമമാകാൻ കടമ്പകൾ ഏറെ.  കാട്ടുപന്നി അടക്കമുള്ള മൃഗങ്ങളെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഭേദഗതിക്കും മന്ത്രിസഭാ അംഗീകാരം നൽകി.

Comments