സുജിത്തിനെ മര്‍ദ്ദിച്ച പോലിസുകാരെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റും


തിരുവനന്തപുരം:
യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ സ്റ്റേഷനുള്ളില്‍ മര്‍ദ്ദിച്ച എസ്ഐ അടക്കം നാല് പോലിസുകാരെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയേക്കും. തുടര്‍നടപടിക്ക് നിയമസാധുത പരിശോധിക്കാന്‍ ഉത്തരമേഖല ഐജിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. മര്‍ദനം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സേനക്കും ആഭ്യന്തര വകുപ്പിനും സര്‍ക്കാറിനും  മാനക്കേടുണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലിസ് മേധാവിയെ അറിയിച്ചു. ഒരുതവണ നടപടി എടുത്ത സംഭവത്തില്‍ വീണ്ടും നടപടി എടുക്കുന്നത് നിയമപ്രശ്‌നത്തിനിടയാക്കുമെന്നാണ് തൃശൂര്‍ ഡിഐജി ഹരിശങ്കര്‍ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. നാല് പോലിസ് ഉദ്യോഗസ്ഥരുടെ രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് റദ്ദാക്കുകയും സ്റ്റേഷനില്‍ നിന്ന് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സുജിത്തിന്റെ പരാതിയില്‍ കുന്നംകുളം കോടതി കേസ് നേരിട്ട് അന്വേഷിക്കുകയാണ്. തുടര്‍നടപടികള്‍ക്കായി കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. ചിലര്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നതായ പരാതിയെത്തുടര്‍ന്ന് കാണിപ്പയ്യൂരിലെത്തിയ പോലിസ് മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് അടുത്ത വീട്ടില്‍ താമസിക്കുന്ന സുജിത്ത് തടഞ്ഞു. ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിക്കുകയായിരുന്നു. എസ്ഐ നുഅ്മാന്‍, സീനിയര്‍ സിപിഒ ശശീന്ദ്രന്‍, സിപിഒമാരായ സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ സിസിടിവി ഇല്ലാത്ത ഭാഗത്തും കൊണ്ടുപോയി പോലിസുകാരായ ശശിധരന്‍, സുബൈര്‍ എന്നിവര്‍  മര്‍ദിച്ചെന്നും സുജിത്ത് ആരോപിക്കുന്നു. മര്‍ദ്ദനത്തില്‍ സുജിത്തിന് കേള്‍വിത്തകരാറും സംഭവിച്ചു.

മര്‍ദനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ തനിക്ക് 20 ലക്ഷം രൂപ പോലിസ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതായുള്ള സുജിത്തിന്റെ വെളിപ്പെടുത്തലും ആഭ്യന്തര വകുപ്പിന് നാണക്കേടായിട്ടുണ്ട്. ആദ്യം 10 ലക്ഷമായിരുന്നു വാഗ്ദാനം. പിന്നീട് ഇത് 20 ലക്ഷമായി. മര്‍ദിച്ച പോലിസുകാര്‍ക്ക് വേണ്ടി മറ്റ് ചില ഉദ്യോഗസ്ഥരാണ് കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായി സംസാരിച്ചതെന്നാണ് സുജിത്തിന്റെ ആരോപണം. പോലിസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് രണ്ടര വര്‍ഷത്തിനുശേഷം പുറത്തുവന്നത്.

Comments