കുന്നംകുളം സ്റ്റേഷൻ മർദനം: കുറ്റക്കാർക്കെതിരെ വീണ്ടും നടപടി ഉണ്ടായേക്കും

തൃശൂർ: കുന്നംകുളം പോലിസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ മർദിച്ച കുറ്റക്കാർക്കെതിരെ വീണ്ടും നടപടി ഉണ്ടായേക്കും. പ്രതികളായ എസ്ഐ ഉൾപ്പെടെ നാല് പോലിസുകാർക്കെതിരെ വകുപ്പുതല നടപടി കൈക്കൊള്ളാൻ സംസ്ഥാന പോലിസ് മേധാവി റവാഡ ചന്ദ്രശേഖറിന് നിയമോപദേശം ലഭിച്ചു. തരംതാഴ്‌ത്തലോ പിരിച്ചുവിടലോ എന്ന് നിലയിലാണ് ഉപദേശം. അന്തിമ തീരുമാനം സർക്കാറിന്‍റെതായിരിക്കും.

നേരത്തെയെടുത്ത അച്ചടക്ക നടപടി പുനഃപരിശോധിച്ച ശേഷമാകും പുതിയ നടപടി.  പ്രതിപ്പട്ടികയിലുള്ള പോലിസുകാർക്ക് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകും. മറുപടി പരിശോധിച്ചതിന് ശേഷമാകും  നടപടി.  നാല് പോലിസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. എസ്.ഐ നുഅ്മാൻ, സിവിൽ പോലിസ് ഓഫിസർമാരായ സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിരെയാണ് നടപടി. ആരോപണ വിധേയനായ മറ്റൊരു പോലിസുകാരനായിരുന്ന ഷുഹൈർ, ഇപ്പോൾ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടി സാധ്യമല്ല.

ഡി.ഐ.ജി ഹരിശങ്കറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐ.ജി രാജ്പാൽ മീണയുടേതാണ് സസ്പൻഷൻ ഉത്തരവ്.

 2023 ഏപ്രിൽ അഞ്ചിന് നടന്ന മർദനം രണ്ട് വർഷത്തിന് ശേഷം വിവാദമായത് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്.

 സി.സി.ടി.വി ദൃശ്യങ്ങളെ തുടർന്ന് പ്രതിഷേധവും കോൺഗ്രസും യൂത്ത് കോൺഗ്രസും പോലിസുകാരുടെ വീട്ടിലേക്കും ഡി.ഐ.ജി ഓഫിസിനു മുന്നിലും നടത്തിയ സമരങ്ങളുമാണ് സസ്പെൻഷനിലേക്കു നയിച്ചത്.

എസ്. ഐ അടക്കം നാലു പോലിസുകാരുടെ സസ്പെൻഷനിൽ തൃപ്തനല്ലെന്നും  അഞ്ചു പേരെയും സർവിസിൽ നിന്ന് പുറത്താക്കും വരെ നിയമ പോരാട്ടം തുടരുമെന്നും സുജിത് പറയുന്നു.

Comments