ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കം. ചണ്ഡിഗഡിൽ 25ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനം സെപ്റ്റംബർ 12 വരെയാണ്. പാർട്ടിയുടെ കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തനമികവും പോരായ്മയും ചർച്ചചെയ്യുന്ന സമ്മേളനം, ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖയും തയാറാക്കും. മൂന്നാം ഇടതുസർക്കാറിനായുള്ള ഒരുക്കം, നിലവിലെ സർക്കാറിന്റെ പ്രവർത്തനം, കമ്യൂണിസ്റ്റ് പുനരേകീകരണം, വർഗീയതക്കും ഫാഷിസത്തിനുമെതിരായ ചെറുത്തുനിൽപ് അടക്കമുള്ളവയും ചർച്ചയാകും.
രാവിലെ 10.30ന് കളർകോട് എസ് കെ കൺവെൻഷൻ സെന്ററിൽ (കാനം രാജേന്ദ്രൻ നഗർ) ജനറൽ സെക്രട്ടറി ഡി രാജ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചചെയ്തു. പാർട്ടിയുടെ യൂട്യൂബ് ചാനലായ ‘കനൽ’ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ തുടക്കംകുറിച്ചു. മൂന്നുദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ 39 ക്ഷണിതാക്കൾ ഉൾപ്പെടെ 528 പേരാണ് പങ്കെടുക്കുക. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ നയിച്ച ജാഥയിലെ ദീപശിഖ, രാവിലെ 10ന് സമ്മേളന നഗരിയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങി. തുടർന്ന് കെ ആർ ചന്ദ്രമോഹനൻ നഗരിയിൽ പതാക ഉയർയത്തി. വൈകീട്ട് അഞ്ചിന് എസ്കെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. നടൻ പ്രകാശ്രാജ് പ്രഭാഷണം നടത്തും. സമാപനദിവസമായ 12ന് വൈകീട്ട് മൂന്നിന് നാൽപാലം കേന്ദ്രീകരിച്ച് റെഡ് വളന്റിയർ പരേഡ് ആരംഭിക്കും. 4.30ന് ആലപ്പുഴ ബീച്ചിൽ പൊതുസമ്മേളനം ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
Comments
Post a Comment