ന്യൂഡല്‍ഹി: രാജ്യത്തെ ശിശുമരണനിരക്ക് ചരിത്രത്തിലെ ഗണ്യമായി കുറഞ്ഞു. 2013-ലെ നിരക്കായ 40-ല്‍നിന്ന് 25 ആയി കുറഞ്ഞു. പത്തുവര്‍ഷത്തിനിടയില്‍ 37.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ 2023-ലെ സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (എസ്ആര്‍എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് മണിപ്പുരിലാണ്. ഒന്നാംസ്ഥാനത്തുള്ള ഇവിടെ നിരക്ക് മൂന്നാണ്. എന്നാല്‍, വലിയ സംസ്ഥാനങ്ങളില്‍ ഒറ്റ അക്ക ശിശുമരണനിരക്ക് രേഖപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണ്. അഞ്ചാണ് നിരക്ക്. അതേസമയം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 37 ശതമാനമാണ് മരണ നിരക്ക്. രാജ്യത്ത് 1971-ല്‍ 129 ആയിരുന്നു ശിശുമരണനിരക്ക്. 2023-ല്‍ 25 ആയി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ 2013-ല്‍ നിരക്ക് 44 ആണ്. പത്തുവര്‍ഷത്തിനുശേഷം 28 ആയി. നഗരപ്രദേശങ്ങളില്‍ 27-ല്‍നിന്ന് 18 ആയി.
1971-ല്‍ ആയിരത്തില്‍ 36.9 ആയിരുന്ന ജനനനിരക്ക് 2023-ല്‍ 18.4 ആയി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മാത്രം 21.4-ല്‍നിന്ന് 18.4 ആയി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ 22.9 നിരക്കില്‍നിന്ന് 20.3 ആയും നഗരങ്ങളില്‍ 17.3-ല്‍ നിന്ന് 14.9 ആയും കുറഞ്ഞു. 2023-ല്‍ ബിഹാറിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജനനനിരക്ക് (25.8). മുതിര്‍ന്നവരുടെ മരണനിരക്കും കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിനിടെ ഗണ്യമായി താഴ്ന്നതായി എസ്ആര്‍എസ് റിപ്പോര്‍ട്ടിലുണ്ട്. 1971-ല്‍ 14.9 ആയിരുന്ന മരണനിരക്ക് 2023-ല്‍ 6.4 ആയി. രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ചണ്ഡീഗഢിലാണ് (4). ഏറ്റവും ഉയര്‍ന്നത് ഛത്തീസ്ഗഢിലും (8.3).ആരോഗ്യരംഗത്ത് മുന്നേറ്റമുണ്ടായതിന്റെ സൂചനയാണിത്.
Comments
Post a Comment