ആഭ്യന്തര വകുപ്പിനെ വെട്ടിലാക്കി വീണ്ടും പോലിസ് മർദ്ദന ദൃശ്യങ്ങൾ പുറത്ത്: സംഭവം പീച്ചി സ്റ്റേഷനിൽ രണ്ട് വർഷം മുമ്പ് നടന്നത്
തൃശൂർ: ആഭ്യന്തര വകുപ്പിനെ വെട്ടിലാക്കി വീണ്ടും പോലിസ് മർദ്ദന ദൃശ്യങ്ങൾ പുറത്ത്. പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ ഔസേപ്പിനെയും മകനെയും പീച്ചി പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തായത്. 2023 മേയ് 24ന് പീച്ചി എസ്ഐയായിരുന്ന പിഎം രതീഷിന്റെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതിയും ദൃശ്യങ്ങളും. ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിൽ എത്തിച്ചാണ് മർദിച്ചത്.
വിവരാവകാശ നിയമപ്രകാരമാണ് സ്റ്റേഷനിൽ നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.
ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മര്‍ദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും പോലിസ് തള്ളിയിരുന്നു. ഒടുവില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടതോടെയാണ് ദൃശ്യങ്ങൾ ലഭിച്ചത്. എസ്ഐ കേസിൽ പ്രതിയല്ല. എസ്ഐയെക്കൂടി പ്രതിചേര്‍ക്കാന്‍ ഔസേപ്പ് ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കുന്നംകുളം പോലിസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ മർദിച്ചതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ നാലു പോലിസുകാരെ സസ്പെന്റ് ചെയ്തിരിക്കുകയാണ്.
Comments
Post a Comment