ജറൂസലേമിൽ വെടിവെപ്പ്; ഏഴു പേർ കൊല്ലപ്പെട്ടു- ആറുപേരുടെ നില ഗുരുതരം


ജറുസലേം
:  ജറൂസലേമിലുണ്ടായ വെടിവെപ്പിൽ ഏഴ് ഇസ്രായേലികൾ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു.  ആറുപേരുടെ നില ഗുരുതരം. ഇന്നുരാവിലെ ജറൂസലേമിലെ റാമോത്ത് ജങ്ഷനിലാണ് വെടിവെപ്പുണ്ടായത്. വെസ്റ്റ് ബാങ്കിൽ നിന്നെത്തിയ രണ്ടുപേരാണ് വെടിവെപ്പ് നടത്തിയതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പ് നടക്കുമ്പോൾ ആളുകൾ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.  കാറിലെ കാമറിയിലെ  ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാവിലെ പത്തുമണിയോടെ കാറിൽ എത്തിയ ഫലസ്തീൻ പൗരന്മാരെന്ന്  കരുതുന്നവർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവർക്കു നേരെയും വാഹനങ്ങൾക്കു നേരെയും വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ തിരിച്ച് വെടിയുതിർത്ത് ഇരുവരേയും വധിച്ചു. തോക്കുകളും വെടിക്കോപ്പുകളും ഒരു കത്തിയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
 വിവരമറിഞ്ഞ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സംഭവസ്ഥലം സന്ദർശിച്ചു. ആക്രമികൾ വന്ന ഗ്രാമങ്ങൾ സൈന്യം വളഞ്ഞിട്ടുണ്ടെന്ന് നെതന്യാഹു പറഞ്ഞു.
 ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജർമനി, ഇറ്റലി, ബെൽജിയം, പോളണ്ട്, വിവിധ രാഷ്ട്രീയ നേതാക്കളും, വിദേശകാര്യ മന്ത്രിമാരും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തെ ഗാസയിലെ ഹമാസ് പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഇവർ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.


Comments