പാകിസ്താനെ ഏഴു വിക്കറ്റിന് വീഴ്ത്തി ഇന്ത്യ


ദുബൈ
: ഏഷ്യകപ്പിൽ പാകിസ്താനെ ഏഴു വിക്കറ്റിന് വീഴ്ത്തി ഇന്ത്യ.  ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ  20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയം കണ്ടും. 47 റൺസെടുത്ത ക്യാപ്റ്റൻ സുര്യകുമാർ യാദവും 31 വീതം റൺസെടുത്ത അഭിഷേക് ശർമയും തിലക് വർമയുമാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

128 റൺസ് വിജയ ലക്ഷ്യത്തിന്  ഓപണർ അഭിഷേക് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 13 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 31 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്. ഏഴ് ബൗളിൽ 10 റൺസെടുത്ത് ശുഭ്മാൻ ഗില്ലും. സയിം അയ്യൂബാണ് രണ്ടുപേരെയും മടക്കിയത്. തുടർന്ന്  തിലക് വർമയും സൂര്യകുമാർ യാദവ് ചേർന്ന് ടീമിനെ വിജയത്തോടടുപ്പിക്കുകയായിരുന്നു. ടീം സ്കോർ 97ൽ നിൽക്കെയാണ് തിലക് മടങ്ങിയത്. 31 റൺസെടുത്ത തിലകിന്റെ വിക്കറ്റ് ഊരിയതും സയിം അയ്യൂബ് തന്നെ. തുടർന്ന് സിക്സർ പറത്തി ഇന്ത്യൻ ടീമിനെ ജയത്തിലെത്തിച്ചാണ് നായകൻ കളിത്തകിടി വിട്ടത്. 37 ബൗളിൽ 47 റൺസെടുത്ത സൂര്യകുമാറും ഏഴു ബൗളിൽ 10 റൺസെടുത്ത ശിവം ദുബെയും പുറത്താകാതെ കളം നിറഞ്ഞു.
 ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപണർ സയിം അയ്യൂബിനെ (0) ഹാർദിക് പാണ്ഡ്യ ബുംറയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഹാരിസിനെ (3) പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ബുംറയും മികച്ചു. തുടർന്നെത്തിയ ഫഖർ സമാനൊപ്പം ഫർഹാൻ സ്കോർ  ഉയർത്തിയെങ്കിലും 45ൽ നിൽക്കെ ഫഖർ സമാനെയും (17) പാകിസ്താന് നഷ്ടമായി. അക്ഷർ പട്ടേലിന്റെ പന്തിൽ തിലക് വർമക്ക് ക്യാച്ച് സമ്മാനിച്ചാണ് ഫഖർ കളംവിട്ടത്.

നായകൻ സൽമാൻ ആഗയും (3) പട്ടേലിന് വിക്കറ്റ് നൽകി മടങ്ങിയതോടെ പാക് പട ക്ഷീണിച്ചു. തുടർന്ന് ഹസൻ നവാസിനെ (5) അക്ഷറിന്റെ കൈകളിലെത്തിച്ച കുൽദീപ് യാദവ് അകൗണ്ട് തുറക്കും മുൻപ് മുഹമ്മദ് നവാസിനെ എൽ.ബിയിൽ ഒതുക്കി.  ഓപണർ സാഹിബ്‌സാദ ഫർഹാനെയും (40) കുൽദീപ് മടക്കിയയച്ചു. 11 റൺസെടുത്ത ഫഹീം അഷ്റഫിനെ വരുൺ എൽ.ബിയിലൂടെ പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ ഷഹീൻ ഷാ സിക്സർ പായിച്ചു. പിന്നീട് സുഫിയാൻ മുഖീമും  ഷഹീനും സ്കോർ 100 കടത്തി. 10 റൺസെടുത്ത മുഖീമിനെ ബുംറ ക്ലീൻ ബൗൾഡാക്കി. എന്നാൽ അവസാന ഓവറിൽ ഷഹീൻ അഫ്രീദി പാകിസ്താനെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു. 16 ബൗളിൽ  ഷഹീൻ നാല് സിക്സറുൾപ്പെടെ 33 റൺസെടുത്തു. ഇന്ത്യയുടെ കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറയും അക്ഷർ പട്ടേലും രണ്ട് വീതം വിക്കറ്റെടുത്തു.

Comments