നേപ്പാളിലെ ജെൻ സി പ്രക്ഷോഭകർ പാർലമെന്റ് മന്ദിരത്തിന് തീയിട്ടു-പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാർ രാജിവച്ചു
കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സി പ്രക്ഷോഭകർ പാർലമെന്റ് മന്ദിരത്തിന് തീയിട്ടു. പ്രധാനമന്ത്രി കെ.പി. ശർമ ഒലി പദവി രാജിവെക്കുന്നതിന് തൊട്ടു മുമ്പാണ് പാർലമെന്റ് കെട്ടിടത്തിന് തീയിട്ടത്. ഭക്ത്പുരിലുള്ള പ്രധാനമന്ത്രിയുടെയും മുതിർന്ന നേതാക്കളുടെയും വസതികളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പാർലമെന്റിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറുന്നതിന്റേയും കെട്ടിടത്തിൽനിന്ന് പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവച്ച് മണിക്കൂറുകള്‍ക്കകം പ്രസിഡന്റ് രാംചന്ദ്ര പൗഡലും രാജി പ്രഖ്യാപിച്ചു. കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ് രാള വിഭാഗം മന്ത്രിമാർ എന്നിവരും രാജിവെച്ചിട്ടുണ്ട്. സൈന്യം രാഷ്ട്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കര്‍ഫ്യൂ ലംഘിച്ച് പ്രക്ഷോഭകര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് മന്ത്രിമാരുടെ രാജി. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിവാദ നിരോധനമാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിഷേധം കനത്തതോടെ ചൊവ്വാഴ്ച പുലര്‍ച്ചെ നിരോധനം പിന്‍വലിച്ചു. ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പർ ഔദ്യോഗിക എക്സ് പേജിലൂടെ ഇന്ത്യൻ എംബസി പുറത്തുവിട്ടു. അടിയന്തര സഹായത്തിനോ നിർദേശത്തിനോ +977 – 980 860 2881, +977 – 981 032 6134 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
തിങ്കളാഴ്ച പാർലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രക്ഷോഭകർക്കു നേരെ പോലിസ് കണ്ണീർ വാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. ഉച്ച മുതൽ രാത്രി 10 വരെ പാർലമെന്റ് പരിസരം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ‘ജെൻസി ’ എന്ന ബാനറിൽ തെരുവിലിറങ്ങിയ പ്രക്ഷോഭകരെ നേരിടാൻ സൈന്യത്തെ വിന്യസിച്ചു. സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ട്.
പാർലമെന്റിന് സമീപം പ്രഖ്യാപിച്ച കർഫ്യൂ പിന്നീട് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളും വസതികളും സ്ഥിതി ചെയ്യുന്ന കാഠ്മണ്ഡുവിലെ സിംഗ ദർബാർ പ്രദേശത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലെ ബിരാത്നഗർ, ഭരത്പൂർ, ലോകത്തെ 10ാമത്തെ ഉയരംകൂടിയ പർവതമായ പടിഞ്ഞാറൻ നേപ്പാളിലെ അന്നപൂർണ പർവതത്തിലേക്കുള്ള പ്രവേശന കവാടമായ പൊഖാറ എന്നിവിടങ്ങളിലും പ്രക്ഷോഭം നടക്കുന്നുണ്ട്.
സെപ്റ്റംബർ നാലിനാണ് ഫേസ്ബുക്ക്, വാട്സ്ആപ്, എക്സ് എന്നിവയുൾപ്പെടെ 26 സമൂഹ മാധ്യമങ്ങൾ സർക്കാർ നിരോധിച്ചത്. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് രജിസ്റ്റർ ചെയ്യണമെന്ന നിർദേശം പാലിക്കാതിരുന്നതിനാണ് നടപടി. അഴിമതിയിൽ മുങ്ങിയ സർക്കാർ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു.
Comments
Post a Comment