ഇന്ന് രാത്രി രക്തചന്ദ്രനെ കാണാം: വാന നിരീക്ഷകർക്ക് ഇന്ത്യയിൽ നിന്ന് ഗ്രഹണം ഒടുക്കം വരേ ദൃശ്യമാകും


കോഴിക്കോട്
: വാന നിരീക്ഷകർക്ക് കൗതുകമേകി ഇന്ന് രാത്രി മാനത്ത് രക്തചന്ദ്രനെ കാണാം. 
 2025 സെപ്റ്റംബർ 7-8 തീയതികളിൽ രാത്രിയിൽ  ഇന്ത്യ മുഴുവൻ  "രക്തചന്ദ്രൻ" എന്നറിയപ്പെടുന്ന  മനോഹരമായ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.
 ഇന്ന് (സെപ്റ്റംബർ 7 ഞായർ) ഇന്ത്യൻ സമയം രാത്രി 8:58 ന് പെനംബ്രൽ ഗ്രഹണത്തോടെയാണ് ഈ പ്രതിഭാസം ആരംഭിക്കുക. രാത്രി 11:01 നും സെപ്റ്റംബർ 8 ന് ഇന്ത്യൻ സമയം അർദ്ധരാത്രിക്കുശേഷം 12:23 നും ഇടയിൽ ഗ്രഹണം പൂർണ്ണത പ്രാപിക്കും. ചന്ദ്രൻ കടും ചെമപ്പ് നിറത്തിൽ കാണപ്പെടുന്നതിനാലാണ് ഈ പ്രതിഭാസത്തെ  "രക്തചന്ദ്രൻ"  അഥവാ ബ്ലഡ് മൂൺ എന്ന പേരിൽ പറയുന്നത്. ഇന്ത്യക്കാർക്ക് ഗ്രഹണം തുടക്കം മുതൽ അവസാനം വരെ മുഴുവനായി കാണാനുള്ള അപൂർവ അവസരമാണിത്. ഈ മാസം 21 ന് ഭാഗിക സൂര്യഗ്രഹണവും നടക്കുന്നുണ്ട്. ആ ഗ്രഹണം അമേരിക്കയിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ദൃശ്യമാകുമെങ്കിലും ഇന്ത്യയിൽ ഈ സമയം രാത്രിയായതിനാൽ ഗ്രഹണം ദൃശ്യമാകില്ല.
 
ശ്രദ്ധിക്കേണ്ട സമയങ്ങൾ: 

പെനംബ്രൽ ഗ്രഹണം ആരംഭിക്കുന്നത്: രാത്രി 8:58 (സെപ്റ്റംബർ 7)

ഭാഗിക ഗ്രഹണം ആരംഭിക്കുന്നത്: രാത്രി 9:57 (സെപ്റ്റംബർ 7)

സമ്പൂർണ ഗ്രഹണം (രക്തചന്ദ്രൻ): രാത്രി 11:01 (സെപ്റ്റംബർ 7) മുതൽ രാവിലെ 12:23 (സെപ്റ്റംബർ 8)

ഭാഗിക ഗ്രഹണം അവസാനിക്കുന്നത്: രാവിലെ 1:26 (സെപ്റ്റംബർ 8)

പെനംബ്രൽ ഗ്രഹണം അവസാനിക്കുന്നത്: രാവിലെ 2:25 (സെപ്റ്റംബർ 8)

എന്തുകൊണ്ട് ബ്ലഡ്മൂൺ: 

 പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ബ്ലഡ് മൂൺ അഥവാ "രക്തചന്ദ്രൻ" കാണപ്പെടാനുള്ള കാരണം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സൂര്യപ്രകാശം അപവർത്തനം ചെയ്യുന്നതിനാലാണ്. ഇതുമൂലം കടും ചെമപ്പ് നിറത്തിൽ ചന്ദ്രൻ ദൃശ്യമാകും. 

ഗ്രഹണങ്ങളും വിശ്വാസങ്ങളും:

സൂര്യ ചന്ദ്ര ഗ്രഹണങ്ങളെ സംബന്ധിച്ച് പലതരം വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. മുസ്ലിം വിശ്വാസം പ്രകാരം ഗ്രഹണങ്ങൾ പ്രപഞ്ച നിർമിതിയുടെ സംങ്കീർണതകൾ സംബന്ധിച്ച ഗോള ശാസ്ത്ര പഠനങ്ങൾക്കുള്ള ദൈവീക ദൃഷ്ടാന്തങ്ങളായാണ് ഗണിക്കപ്പെടുന്നത്. ഗ്രഹണങ്ങൾ ഭൂമിയിൽ മറ്റു സ്വാധീനങ്ങൾ ചെലുത്തുന്നതായി വിവരണമില്ല. പ്രവാചകൻ മുഹമ്മദിന്റെ ഇബ്രാഹിം എന്ന മകൻ മരണപ്പെട്ട ദിവസം അറേബ്യയിൽ സൂര്യഗ്രഹണം സംഭവിച്ചിരുന്നു. പ്രവാചക പുത്രന്റെ വിയോഗത്തിൽ കൊമറ്റ് കണക്കേ  പ്രകൃതി പോലും ദുഃഖിതമായി പങ്കുചേർന്നു എന്ന് അനുയായികളിൽ ചിലർ പറഞ്ഞു. ഇത് അറിഞ്ഞ ഉടൻതന്നെ വീട്ടിൽ നിന്ന് വസ്ത്രം വാരിവലിച്ച് പുതച്ച് പ്രസംഗപീഢത്തിൽ കയറി പ്രവാചകൻ ആ വിശ്വാസത്തെ തിരുത്തിയതായി ചരിത്രത്തിൽ കാണാം. ആരുടെയും ജനനമോ മരണമോ കൊണ്ട് ഗ്രഹണം സംഭവിക്കുകയില്ലെന്നും അത് പഠനാർഹവും ചിന്തനീയവുമായ പ്രകൃതി പ്രതിഭാസങ്ങൾ മാത്രമാണെന്നുമാണ് പ്രവാചകൻ പറഞ്ഞത്. ഗ്രഹണ സമയങ്ങളിൽ മുസ്ലിംകൾ പ്രത്യേക നമസ്കാരം നടത്താറുമുണ്ട്. ഇന്ത്യൻ ജ്യോതിഷമനുസരിച്ച് അന്ന പാനീയങ്ങൾ പോലും ഉപേക്ഷിക്കേണ്ട, പുറത്തിറങ്ങാൻ പാടില്ലാത്ത ശുഭകരമല്ലാത്ത സമയമാണ് ഗ്രഹണ സമയം. ബാബിലോണിയൻ പഞ്ചാംഗമനുസരിച്ചുള്ള നിരവധി വിശ്വാസങ്ങളും ലോകത്ത് നിലനിൽക്കുന്നുണ്ട്. സൂര്യ ചന്ദ്രന്മാരെ പാമ്പ് വിഴുങ്ങുന്നു എന്ന വിശ്വാസം പോലും ഇതിലുണ്ട്. ആഭിചാരം, ദുർമന്ത്രവാദം എന്നിവ നടത്തുന്നവരുടെ നേരമായി ഗ്രഹണങ്ങളെ വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ മനുഷ്യന്റെ ദൈനംദിന ജീവിതത്തെ ഗ്രഹണങ്ങൾ സ്വാധീനിക്കുന്നതായി ഇതുവരേ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ഗ്രഹണങ്ങളെ 
നിസ്സാരമാക്കാൻ വരട്ടെ!

 മതപരമായ വിശ്വാസങ്ങൾക്കും ഐതീഹ്യങ്ങൾക്കും ശാസ്ത്രീയമായി തെളിവില്ല എങ്കിലും ഗ്രഹണങ്ങളെ നിസ്സാരമാക്കാൻ വരട്ടെ!
സൂര്യഗ്രഹണ സമയത്തുള്ള നഗ്നനേത്രങ്ങൾ കൊണ്ടുള്ള നോട്ടം കാഴ്ച ശക്തി നഷ്ടപെടുത്തുമെന്ന് തെളിഞ്ഞിട്ടുണ്ട്. സൂര്യനിൽ ചന്ദ്രന്റെ നിഴൽ വീഴുന്നതിനാൽ ഈ സമയത്ത് ദൃശ്യ പ്രകാശത്തിന്റെ തീക്ഷ്ണത കുറവായിരിക്കും. ഈ നിലയിൽ ഏറെനേരം സൂര്യനെ നോക്കിനിൽക്കാൻ സാധിക്കും. തന്മൂലം അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് പോലുള്ള അദൃശ്യ പ്രകാശങ്ങളുടെ റേഡിയേഷൻ കണ്ണിൽ പതിച്ച് അന്ധത വരേ സംഭവിച്ചേക്കാം. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ചന്ദ്ര ഗ്രഹണത്തിൽ ഉള്ളതായി തെളിഞ്ഞിട്ടില്ല. എങ്കിലും മനുഷ്യേതര ജീവജാലങ്ങളും പ്രകൃതിയും ഗ്രഹണങ്ങളോട് അസാധാരണമായി പ്രതികരിക്കുന്നതായി കാണാറുണ്ട്.

Comments