ഇനി കഫീലിനെ പേടിക്കേണ്ട: 50 വർഷം പഴക്കമുള്ള കഫാല സമ്പ്രദായം സൗദി അറേബ്യ നിർത്തുന്നു

റിയാദ്: മലയാളികൾ അടക്കമുള്ള തൊഴിലാളികൾക്ക് ആശ്വാസം. അരനൂറ്റാണ്ട് പഴക്കമുള്ള കഫാല സമ്പ്രദായം സൗദി അറേബ്യ നിർത്തുന്നു.

ഇനി കഫീലിനെ പേടിക്കാതെ ഇഷ്ടമുള്ള തൊഴിൽ തേടാൻ പ്രവാസി തൊഴിലാളികൾക്ക് അവസരം.
ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ ജീവിതത്തെയും അവകാശങ്ങളെയും നിയന്ത്രിച്ചിരുന്ന തൊഴിൽ സ്പോൺസർഷിപ്പ് സമ്പ്രദായമായ സൗദി അറേബ്യയിലെ അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള കഫാല സമ്പ്രദായമാണ് കിരീടാവകാശി നിർത്തലാക്കിയത്. 2025 ജൂണിൽ പ്രഖ്യാപിച്ച ഈ തീരുമാനം, രാജ്യത്തെ കുടിയേറ്റ ക്ഷേമവും തൊഴിൽ അവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള  ചരിത്രപരമായ ചുവടുവയ്പ്പാണ്. ഈ പരിഷ്കരണം ഏകദേശം ഒന്നേക്കാൽ കോടി കുടിയേറ്റ തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി ലേബർ വിസയിൽ കൂടുതലും ജോലിചെയ്യുന്നത് ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ളവരാണ്.
 തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരുടെ മേൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരുന്ന സിസ്റ്റമാണ് കഫാല. അവർക്ക് ജോലി മാറ്റാൽ, രാജ്യം വിടൽ,  നിയമ സഹായം തേടൽ, എന്നിവയ്ക്കെല്ലാം കഫീലിന്റെ അഥവാ തൊഴിലുടമയുടെ സമ്മതം ആവശ്യമായിരുന്നു.ഇനി അതിന്റെ ആവശ്യമില്ല.
1950 കളിൽ അവതരിപ്പിച്ച കഫാല സമ്പ്രദായം, എണ്ണ സമ്പന്നമായ ഗൾഫ് സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ചെലവ് കുറഞ്ഞ വിദേശ തൊഴിലാളികളുടെ ഒഴുക്ക് സാധ്യമാകാകുന്നതിനാണ് ആദ്യം വിഭാവന ചെയ്തത്. ഈ വ്യവസ്ഥ അനുസരിച്ച്, ഓരോ കുടിയേറ്റ തൊഴിലാളിയും അവരുടെ താമസസ്ഥലം, തൊഴിൽ, നിയമപരമായ പദവി എന്നിവയിൽ അധികാരമുള്ള കഫീൽ എന്നറിയപ്പെടുന്ന  പ്രാദേശിക സ്പോൺസറുടെ കീഴിലായിരുന്നു.
  ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപെട്ടിരുന്നു. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കാനും, വേതനം വൈകിപ്പിക്കാനോ നിരസിക്കാനോ, അവരുടെ സഞ്ചാരം നിയന്ത്രിക്കാനും കഴിയും. സ്‌പോൺസറുടെ അനുമതിയില്ലാതെ, തൊഴിലാളികൾക്ക് ജോലി മാറ്റാനോ, നാട്ടിലേക്ക് മടങ്ങാനോ, മോശമായ പെരുമാറ്റമുണ്ടായാൽ അധികാരികളെ സമീപിക്കാനോ കഴിഞ്ഞിരുന്നില്ല.ആധുനിക അടിമത്തം എന്നുപോലും ഇതിനെ വിശേഷിപ്പിച്ച നിരീക്ഷകരുണ്ട്.

Comments