67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കം


തിരുവനന്തപുരം
: 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വൈകീട്ട് നാലുമണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടര്‍ന്ന് ഇതിഹാസ  താരം ഐഎം വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ചേര്‍ന്ന് ദീപശിഖ തെളിയിക്കും.
 ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ മേളയുടെ ബ്രാന്‍ഡ് അംബാസഡറും ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് ഗുഡ്വില്‍ അംബാസഡറുമാണ്. 28 വരെയാണ് ഒളിമ്പിക്സ് മാതൃകയിലുള്ള രണ്ടാമത് കായികമേള സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയില്‍ നിന്നും മുന്നൂറ് കുട്ടികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റും നടക്കും.
 ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയില്‍ കേരള സിലബസില്‍ പഠിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.  ആയിരത്തോളം ഒഫീഷ്യല്‍സും രണ്ടായിരത്തോളം വോളണ്ടിയേഴ്സും ഭാഗമാകും.വിപുലളായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Comments