ശറം അൽശൈഖ്: വെടിനിർത്തൽ പ്രാബല്യത്തിൽ വരുകയും ജീവിച്ചിരിക്കുന്ന 20 ബന്ദികളുടെ കൈമാറ്റം പൂർത്തിയാവുകയും ചെയ്തെങ്കിലും ഹമാസിന് ആയുധം താഴെ വയ്ക്കാൻ കഴിയില്ല എന്നതാണ് ഗസയിലെ ഇപ്പോഴത്തെ സ്ഥിതി.ഇസ്രായേൽ പിന്തുണയുള്ള സായുധ സംഘങ്ങളാണ് ഹമാസിന്റെ ഇപ്പോഴത്തെ ഭീഷണി. 2023 ഒക്ടോബർ മുതൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇസ്രായേലുമായി നടത്തിക്കൊണ്ടിരുന്ന യുദ്ധത്തിനിടയിലും ഹമാസിന് ആഭ്യന്തര ഭീഷണികളെ വരുതിക്ക് നിർത്താൻ പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. ദഹ് മുഷ് എന്ന ഗോത്രത്തിന്റെ സേനയായ ജയ്ശുൽ ഇസ്ലാം, ഇസ്രായേലി പിന്തുണയുള്ള അൽ ഖുവ്വത്തുൽ ശഹബിയ്യ തുടങ്ങിയ സായുധ ഗ്രൂപ്പുകളാണ് വെടി നിർത്തലിന് ശേഷവും ഹമാസിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇടതടവില്ലാത്ത ഇസ്രായേൽ ആക്രമണത്തിൽ ഗസയിലെ നാലു ലക്ഷത്തോളം കെട്ടിടങ്ങളും വാസസ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർന്ന് തരിപ്പിണമായി കിടക്കുകയാണ്. പുനർനിർമ്മാണവും പുനരധിവാസവും സുരക്ഷയും ഉറപ്പുവരുത്തേണ്ട സമയത്താണ് ഇവിടെ ആഭ്യന്തര ഭീഷണികൾ ശക്തമായി രിക്കുന്നത്.
ആഭ്യന്തര സംഘർഷത്തിലേക്കും അധികാര വടംവലിയിലേക്കും നയിച്ചേക്കാവുന്ന കൊളോണിയൽ പിന്തുണയോടെയുള്ള
ധ്രുവീകരണം ഗസയിൽ നടന്നുകഴിഞ്ഞെന്ന് കരുതാം.
ഗസയിൽ ഹമാസിനെതിരേ സായുദ്ധ സംഘർഷത്തിൽ ഏർപ്പെട്ട വിഭാഗങ്ങളുടെ നയനിലപാടുകൾ എന്തൊക്കെയാണ് അവർ ആരൊക്കെയാണ് എന്നറിയാൻ ആകാംക്ഷയുള്ളവരാണ് രാഷ്ട്രീയ നിരീക്ഷകർ. കഴിഞ്ഞ ദിവസം ഒമ്പത് ഹമാസ് പോരാളികൾ ഉൾപെടെ 30 ഓളം പേരുടെ മരണത്തിനിടയാക്കിയ സംഘർഷമാണ് ഇപ്പോൾ ചർച്ച. ദഹ് മുഷ് ഗോത്രവും ഹമാസും തമ്മിലാണ് സംഘർഷം നടന്നതെന്ന് അൽജസീറ, അറബ് ന്യൂസ് തുടങ്ങിയ അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആരാണ് ദഹ് മുഷ്?
ഗസയിലെ പ്രമുഖ അറബ് ഗോത്രമാണ് ദഹമുഷുകൾ. ഹമാസ് ,ഫതഹ് തുടങ്ങിയ വിവിധ സംഘടനകളിൽ ഇവരുണ്ട്. നേരത്തെ ഹമാസിൽ പ്രവർത്തിച്ചിരുന്ന മുംതാസ് ദഹ് മുഷ് 2007ൽ രൂപീകരിച്ച സായുധ സംഘമാണ് ജെയ്ശുൽ-ഇസ്ലാം എന്ന ഗ്രൂപ്പ്. 2008 ൽ ഹമാസിനോടൊപ്പം ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ പിടികൂടിയതിൽ ഈ മുംതാസ് ദഹ് മുഷ് പങ്കെടുത്തിരുന്നു. വെടിനിർത്തലിന് ശേഷം ഈ ഒക്ടോബർ 13ന് ഹമാസിനെതിരേ സംഘർഷത്തിൽ ഏർപ്പെട്ട ദഹ് മുഷിന് ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്നാൽ ഗാസയിൽ നിന്നുള്ള മറ്റു റിപ്പോർട്ടുകൾ ഈ വാർത്ത നിഷേധിക്കുന്നു. ജറുസലേമിലും ഗസയിലും പ്രവർത്തിക്കുന്ന ദഹ് മുഷിന്റെ ജയ്ശുൽ ഇസ്ലാം എന്നത് സലഫി ഗ്രൂപ്പായാണ് അറിയപ്പെടുന്നത്. അറബ് ഫണ്ടിംഗ് ഉള്ള സലഫിപോരാളികളുമായി ഇവർക്ക് ബന്ധമുണ്ട് എന്നും പറയപ്പെടുന്നു. യുഎസും യുഎഇയും ഭീകരപട്ടികയിൽ ഉൾപെടുത്തിയ സംഘമാണിത്. ഇസ്രായേലിനെയും ഹമാസിനെയും ശത്രുവായി കാണുന്നവാരാണ് ഇവർ.
ഹമാസിൽ നിന്ന് ഗസയുടെ അധികാരം പിടിച്ചെടുത്ത് തങ്ങളുടെ റാൻമൂളി ഗ്രൂപ്പുകളെ ഏൽപിക്കാനാണ് അമേരിക്കയും ഇസ്രായേലും ഇപ്പോൾ ഒരുങ്ങുന്നത്. ഇതാണ് രൂക്ഷമായ ആഭ്യന്തര സംഘർഷത്തിന്റെ ഹേതു.
2024 ഒക്ടോബർ ആദ്യവാരത്തിൽ ഗസയിലെ ഒരു ജനവാസമേഖലയുടെ നിയന്ത്രണമേറ്റെടുക്കാൻ ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം തന്നെ ബന്ധപ്പെട്ടതായി ദഹ് മുഷ് നേതാവ് നിസാർ ദഹ് മുഷ് പറഞ്ഞെന്ന് ലോസ് ആഞ്ചലസ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തങ്ങൾ അത് നിരസിച്ചതായും തുടർന്ന് ഇസ്രായേൽ സൈന്യം ഗസയിലെ തങ്ങളുടെ പ്രദേശം ബോംബിട്ടു തകർക്കുകയും വീടുകൾ ആക്രമിക്കുകയും ചെയ്തുവെന്നും അദ്ദേഹം റിപോർട്ടിൽ പറയുന്നു.
ദഹ് മുഷും ഹമാസും ഇതിനു മുമ്പും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആഭ്യന്തര സംഘർഷങ്ങൾ വളർത്തുന്നതിനായി ഇപ്പോഴുള്ള പോലെ സായുധ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ പദ്ധതിയാണ് പലപ്പോഴും ഇത്തരം സംഭവങ്ങൾക്ക് ഹേതുവാകൂന്നത്.
ഗസയിലെ ജോർദാൻ ഫീൽഡ് ആശുപത്രിക്ക് സമീപം ഹമാസിന്റെ അൽഖസ്സാം ബ്രിഗേഡ്സിലെ പോരാളിയെ കൊലപ്പെടുത്തിയതോടെയാണ് ശനിയാഴ്ച ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ഗസ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സായുധ യൂണിറ്റായ സഹും പറയുന്നു.
ദഹ് മുഷ് സായുധ സംഘം തമ്പടിച്ചിരുന്ന ഒരു കെട്ടിടത്തിലേക്ക് 300 ഓളം ഹമാസ് പോരാളികൾ ഇരച്ചുകയറിയതായി ദൃക്‌സാക്ഷികൾ പറഞ്ഞതായ ബിബിസി റിപ്പോർട്ടുണ്ട്. ഹമാസ് നടപടിയിൽ സായുധ സംഘത്തിലെ" 32 പേർ കൊല്ലപ്പെട്ടതായും പലസ്തീൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിലെ സായുധ ഗ്രൂപ്പുകളെ സഹായിക്കുന്ന ഇസ്രായേൽ
ഗസയിലെ താരാബിൻ ബദവി ഗോത്രക്കാരനായ യാസർ അബു ഷബാബിന്റെ നേതൃത്വത്തിലുള്ള 'അൽ ഖുവ്വത്തുൽ ശഹബിയ്യ' അഥവാ പോപ്പുലർ ഫോഴ്‌സ് ഇസ്രായേൽ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘമാണ്. താരാബിൻ ഗ്രോത്രമാകട്ടെ അബു ഷബാബിന്റെ ഈ സംഘത്തെ അംഗീകരിക്കുന്നുമില്ല. ഗസയിലേക്കുള്ള സഹായങ്ങൾ കൊള്ളയടിക്കുകയും ഹമാസിന്റെ നീക്കങ്ങൾ ഒറ്റുകയും ചെയ്യുന്നത് പോപ്പുലർ ഫോഴ്‌സ് ആണെന്ന് ആരോപണമുയർന്നിരുന്നു. ഹമാസും ഇസ്ലാമിക് ജിഹാദും ഒരുമിച്ചാണ് ഒക്ടോബർ 7 ആക്രമണവും പ്രതിരോധവും ആസൂത്രണം ചെയ്തത്. എന്നാൽ ഇതിനെ അട്ടിമറിക്കാൻ ഹമാസ് അന്താരാഷ്ട്ര മാനുഷിക സഹായ വസ്തുക്കൾ മോഷ്ടിക്കുകയാണെന്ന് ഇസ്രായേലും അബൂശബാബും ആരോപിച്ചു. 2024 സെപ്റ്റംബർ മുതൽ പോപ്പുലർ ഫോഴ്‌സുമായി ഹമാസ് പല സന്ദർഭങ്ങളിലും ഏറ്റുമുട്ടിയതായി റിപ്പോർട്ടുണ്ട്. അതുപോലെ
അൽ-മജീദ വംശജനായ ഹുസ്സാം അൽ-അസ്തലിന്റെ നേതൃത്വത്തിൽ ഭീകരവിരുദ്ധ സേന എന്ന പേരിൽ ഒരു ഗ്രൂപ്പിനെയും ഇസ്രായേൽ വളർത്തുന്നുണ്ട് എന്നാണ് ഗ്രൗണ്ട് റിപ്പോർട്ട്. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒക്ടോബർ ആദ്യം അൽ-അസ്തലിന്റെ ഗ്രൂപ്പും ഹമാസുമായി ഏറ്റുമുട്ടിയിരുന്നു.
നേരത്തെ പലസ്തീൻ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനായിരുന്നു അൽ-അസ്തൽ. 1990 കളിൽ തന്നെ ഇയാൾ ഇസ്രായേലിനുവേണ്ടി പണിയെടുക്കാൻ തുടങ്ങിയതായി ആരോപണമുണ്ട്. അബു ഷബാബിന്റെ പോപ്പുലർ ഫോഴ്‌സുമായി സഹകരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തെക്കൻ ഗസയിലെ ഖാൻ യൂനിസ് ഗവർണറേറ്റിലെ ക്വിസാൻ അൻ-നജ്ജാർ ഗ്രാമം ഇയാളുടെ നിയന്ത്രണത്തിലാണ് എന്നാണ് റിപ്പോർട്ട്.
ഗസയുടെ നിയന്ത്രണം ഹമാസിൽ നിന്ന് എടുത്തു മാറ്റി തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഗ്രൂപ്പുകളെ ഏൽപിക്കാനുള്ള തന്ത്രമാണ് വെടിനിർത്തൽ ചർച്ചകളോട് അനുബന്ധമായി തകൃതിയിൽ നടക്കുന്നത്. യുദ്ധം ഹമാസിന് കാര്യമായ പരിക്കേൽപ്പിച്ചുവെങ്കിലും ഗസയുടെ നിയന്ത്രണം പൂർണമായി ഒഴിയാൻ ഹമാസ് സന്നദ്ധമല്ല എന്ന് ഉറപ്പാണ്. ഹമാസിനെ നിരായുധീകരിക്കുക എന്നതും അത്ര എളുപ്പമുള്ളതാവില്ല. ഫലസ്തീൻ പ്രശ്നം അന്താരാഷ്ട്ര തലത്തിൽ വീണ്ടും ചർച്ചയ്ക്ക് വയ്ക്കാൻ ഗസക്ക് നഷ്ടമായത് 70000 ജീവനുകളാണ്. ഇസ്രായേലി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ സമാധാനം പുലർന്നു എന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു വെങ്കിലും അത് മുഖവിലക്കെടുക്കാനോ കരാർ പാലിക്കാനോ ഇസ്രായേൽ തയ്യാറാകുമോ എന്നു സംശയമാണ്. പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് ലോകമിപ്പോൾ.

Comments
Post a Comment