'ഇടവപ്പാതി കണ്ട് ഇറങ്ങുന്നവനും തുലാവർഷം കണ്ട് ഇരിക്കുന്നവനും മഴ നനയേണ്ടി വരും': എന്ത് കേരളത്തിൽ രണ്ടു മഴക്കാലങ്ങളൊ? എപ്പോ? എങ്ങനെ?
''ഇടവപ്പാതി കണ്ട് ഇറങ്ങുന്നവനും തുലാവർഷം കണ്ട് ഇരിക്കുന്നവനും മഴ നനയേണ്ടി വരും' എന്ന് പഴമക്കാർ പറയുന്നതിന്റെ കാരണം എന്താണ്? ജൂൺ മുതൽ ഡിസംബർ വരേ ആറുമാസം നീളുന്ന ഒറ്റ മഴക്കാലമല്ല കേരളത്തിൽ ഉള്ളൂ! പിന്നെങ്ങനെ രണ്ടു മഴക്കാലങ്ങൾ ഉണ്ടാകും.ചോദിച്ചേക്കാം,
ഉത്തരം ഇതാണ്.
ഇടവപ്പാതിയും തുലാമഴയും കേൾക്കാത്ത, അനുഭവിക്കാത്ത, മല്ലൂസ് ഉണ്ടാവില്ല. കേരളത്തിൽ ഈ രണ്ടു മഴക്കാലങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നത് എല്ലാവരും സ്കൂളിൽ പഠിച്ചിട്ടുമുണ്ടാകും. പക്ഷേ ഓർമ്മ കാണില്ല. പനിയും ജലദോഷവും കാരണം അന്ന് ക്ലാസിൽ ഹാജരാകാൻ കഴിയാത്തവരും. തിരക്കിനിടയിൽ പഠിക്കാൻ മറന്നുപോയവരും ഉണ്ടാകും. അവർക്ക് ഉപകാരമാകുന്ന കുറിപ്പാണിത്.   
മഴ എവിടുന്ന് വരുന്നു? 
ഒറ്റയടിക്ക് പറഞ്ഞാൽ കാർമേഘങ്ങൾ മഴയായി പെയ്യും. വെൺമേഘങ്ങൾ മൂടൽമഞ്ഞാകും. എന്നുവച്ചാൽ? 
 കുമുലോനിംബസ് (Cumulonimbus), നിംബോസ്ട്രാറ്റസ് (Nimbostratus) എന്നീ രണ്ടു തരം മേഘങ്ങളാണ് സാധാരണ മഴപൊഴിക്കാറുള്ളത്. ജലാംശം വഹിച്ച് കാറ്റിനൊപ്പം വരുന്ന ഇത്തരം മേഘങ്ങൾ തണുക്കുമ്പോൾ മഴയോ മഞ്ഞോ ആലിപഴമോ ആയി ഭൂമിയിലേക്ക് പൊഴിയും. അന്തരീക്ഷത്തിൽ തണുപ്പ് കൂടുതലുള്ള ഇടങ്ങളിലാണ് മഞ്ഞ് വീഴുക. അപ്പോൾ ഊട്ടിയിൽ മഞ്ഞ് വീഴുന്നില്ലല്ലോ എന്തുകൊണ്ട്? ഭൂമധ്യരേഖാ പ്രദേശത്ത് അഥവാ ട്രോപ്പിക്കൽ സോണിലുള്ള നമ്മുടെ പശ്ചിമഘട്ടത്തിന്റെ ചുറ്റും നല്ല ചൂടുള്ള പ്രദേശങ്ങൾ ആയതിനാൽ അവിടുത്തെ വായു ചൂടായി വേഗത്തിൽ മുകളിലേക്കുയരും. ഇതോടെ അവിടെ അന്തരീക്ഷ മർദ്ദം കുറയുകയും   മലമുകളിലെ തണുത്ത കാറ്റ് ആഭാഗത്തേക്ക് പ്രവഹിക്കുകയും ചെയ്യും. അതിനാൽ മഞ്ഞ് വീഴ്ച്ച സംഭവിക്കില്ല. പകരം മഴപെയ്യും. ചുറ്റിലും തണുപ്പുള്ളതിനാൽ ഹിമാലയത്തിന്റെ താഴ്‌വരയിൽ പോലും മഞ്ഞുപെയും. എന്നാൽ പശ്ചിമഘട്ടത്തിലെ ഊട്ടി,മൂന്നാർ അടക്കമുള്ള ഹൈറേഞ്ചുകളിൽ ഉണ്ടാവില്ല. അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിച്ചേക്കാം. 
മൺസൂൺ കാറ്റുകൾ
 രണ്ടു വ്യത്യസ്ത മൺസൂൺ കാറ്റുകളാണ് ഇന്ത്യയിൽ മഴപെയ്യിക്കുന്നത്. നമ്മുടെ കേരളത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുക.
 കേരളത്തിലും രണ്ട് മൺസൂണുകളാണ് ഉള്ളത്. ഇടവപ്പാതി അഥവാ കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ), തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ). എന്നിങ്ങനെയാണ് അവ അറിയപ്പെടുക.
 
ഇടവപ്പാതി അഥവാ കാലവർഷം
 
ഇടവപ്പാതി ജൂൺ മാസത്തിൽ ആരംഭിക്കുകയും ഓഗസ്റ്റ് പകുതിയോടെ ശമിക്കുകയും ചെയ്യുന്നു. ഇത് മിക്കവാറും തോരാതെ പെയ്യുന്ന മഴക്കാലമായിരിക്കും. ഓഗസ്റ്റ് അവസാനം വരേ ഈ മഴ തുടരും.
'ഇടവപ്പാതി' എന്ന് എന്തുകൊണ്ടാണ് വിളിക്കുന്നത്?
മലയാളമാസമായ ഇടവം പകുതിയോടെ മിക്കവാറും ആരംഭിക്കുന്നതിനാലാണ് ഈ മൺസൂൺ കാലത്തെ ഇടവപ്പാതി എന്ന് പഴമക്കാർ വിളിക്കുന്നത്.
അറബിക്കടലിൽ നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലൂടെ കേരളത്തിന്റെ തീരത്തേക്ക് വീശിയടിക്കുന്ന സജല മേഘങ്ങളെ വഹിക്കുന്ന കാറ്റാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ എന്ന ഇടവപ്പാതി. കേരളത്തിന്റെ തെക്കൻ തീരത്താണ് ഈ മേഘങ്ങൾ ആദ്യമെത്തുക. ഇത് മഴ നൽകിക്കൊണ്ട് മണിക്കൂറിൽ ഏഴ് കിലോമീറ്റർ മുതൽ 14 കിലോമീറ്റർ വരേ വേഗതയിൽ വടക്കോട്ടു സഞ്ചരിക്കും. അങ്ങനെ രണ്ടു മാസംകൊണ്ട് പഞ്ചാബ് ഡൽഹിയിലും ഹിമാലയ പരിസരത്തും വരേ എത്തും. പിന്നെ ഹിമാലയത്തിൽ തട്ടി കിഴക്കോട്ട് തിരിഞ്ഞ് വീശും. ഉത്തരേന്ത്യയിൽ ലഭിക്കുന്ന മഴയുടെ അളവ് കേരളത്തെ അപേക്ഷിച്ച് കുറവായിരിക്കും.
തോരാതെ പെയ്യുന്ന കനത്ത മഴയാണ് ഇതിന്റെ സവിശേഷത. ഈ സമയം കാലാവസ്ഥ ഈർപ്പമുള്ളതും തണുത്ത കാറ്റോടുകൂടിയതുമായിരിക്കും. കൈരളത്തിൽ ശരാശരി കൂടിയ താപനില 30ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ഏകദേശം 20 ഡിഗ്രിയുമായിരിക്കും. ഈ മൺസൂൺ കാലത്ത് നമ്മുടെ നാട്ടിലെ മുഴുവൻ നദികളിലും ജലാശയങ്ങളിലും വെള്ളം നിറയുകയും കേരളം മുഴുവൻ പച്ചപ്പും നിറയുകയും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ലേ. വേനൽ അവസാനിക്കുന്നതോടെയാണ് കാലവർഷം ആരംഭിക്കുക.
തുലാവർഷം( വടക്കു കിഴക്കൻ മൺസൂൺ)
ഒക്ടോബർ മുതൽ കനത്ത മഴയോടും ഇടിമിന്നലോടുമൊപ്പമാണ് തുലാവർഷമെത്തുക. ഈ മഴ ചിലപ്പോൾ ഡിസംബർ ആദ്യവാരം വരെ നീണ്ടുനിൽക്കും.
ബംഗാൾ ഉൾക്കടലിൽ നിന്ന് തമിഴ്നാടിന്റെ കിഴക്കൻ തീരംവഴി കരയിലേക്ക് പ്രവേശിക്കുന്ന കാറ്റ് പശ്ചിമഘട്ടത്തിലെ പാലക്കാട് വിടവിലൂടെയാണ് കേരളത്തിലേക്ക് സാധാരണ പ്രവേശിക്കാറ്. ഉച്ച തിരിഞ്ഞു കനത്ത മഴപെയ്യുമെങ്കിലും, പകൽ സമയത്ത് ചൂടും ഈർപ്പവും അനുഭവപ്പെടും. പകൽ സമയത്ത് ശരാശരി കൂടിയ താപനില 35 ഡിഗ്രിയും കുറഞ്ഞ താപനില 28 ഡിഗ്രിയുമായിരിക്കും. കേരളത്തിലെ മൺസൂൺ സീസണിന്റെ ഈ രണ്ടാം ഘട്ടം തീരുന്നതോടെ തണുപ്പ് കാലമായി. വൃശ്ചികം,ധനു,മകരം( നവംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരേ) എന്നീ മൂന്നു മാസങ്ങൾ പിന്നെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുകാലമാണ്. ഉത്തരേന്ത്യ തണുത്ത് വിറങ്ങലിക്കുന്ന കാലമാണിത്.ഉത്തരാർധഗോളവും മഞ്ഞണിയുന്ന ശിശിരം. മരംകോച്ചുന്ന തണുപ്പ് കാലം. മകരത്തിലെ മരംകോച്ചുന്ന പ്രഭാതങ്ങൾ എത്ര ഗൃഹാതുരമാണ്.



Comments
Post a Comment