പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയ ഹെലികോപ്ടറിന്റെ ചക്രം കോൺക്രീറ്റിൽ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ തയാറാക്കിയ ഹെലിപ്പാഡിലെ കോൺക്രീറ്റിലാണ് ടയറുകൾ കുടുങ്ങിയത്. ശബരിമല സന്ദർശിക്കാനെത്തിയ രാഷ്ട്രപതി ഇറങ്ങിയശേഷമാണ് ചക്രം കുടുങ്ങിയതായി ശ്രദ്ധയിൽപെട്ടത്. പിന്നാലെ പോലിസ്, അഗ്നിരക്ഷാസേന,മറ്റു ഉദ്യോഗസ്ഥർ ചേർന്ന് കോപ്റ്റർ തള്ളിനീക്കി.
പോലിസ് ഹെലികോപ്ടർ തള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ചർച്ചയായി. സുരക്ഷാവീഴ്ചയെന്ന ആക്ഷേപങ്ങളും ഉയർന്നു. എന്നാൽ, സംഭവത്തിൽ സുരക്ഷാവീഴ്ചയില്ലെന്ന് പത്തനംതിട്ട ജില്ല കലക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു. വന്നിറങ്ങിയ സമയത്ത് ഹെലികോപ്ടറിന്റെ ചക്രം താഴ്ന്നുവെന്ന് പൈലറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇക്കാര്യം ആദ്യഘട്ടത്തിൽതന്നെ ശ്രദ്ധയിൽപെടുകയും രാഷ്ട്രപതി ഇറങ്ങി വാഹനത്തിൽ കയറിയശേഷം മറ്റുള്ളവരുടെ സഹായം തേടുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ചെയ്ത കോൺക്രീറ്റ് പ്രതലം ഉറക്കാത്തതാണ് ടയർ താഴ്ന്നുപോകാനിടയാക്കിയത്. ലാൻഡിങ് മാർക്കിൽനിന്ന് നേരിയ വ്യത്യാസത്തിലായിരുന്നു ലാൻഡിങ്. ഇതും ടയറുകൾ താഴാൻ ഇടയാക്കിയെന്ന് പോലിസും വിശദീകരിക്കുന്നു. പിന്നീട് ലാൻഡിങ് മാർക്കിലേക്ക് എത്തിക്കാനാണ് നേരിയതോതിൽ തളള്ളി നീക്കിയത്. രാഷ്ട്രപതി നിലയ്ക്കലിൽ ഇറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ഹെലിപാഡ് മാറ്റാനുള്ള തീരുമാനം. തുടർന്ന്, പൊലീസ് പ്രമാടത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ സജ്ജീകരങ്ങൾ ഒരുക്കി. അതിനിടെ, ഹെലിപ്പാഡിൽ കോൺക്രീറ്റ് ഇടണമെന്ന നിർദേശം ജില്ല ഭരണകൂടത്തിന് ലഭിച്ചു.
തുടർന്ന് അതിവേഗത്തിൽ രാത്രിയിൽ ആരംഭിച്ച കോൺക്രീറ്റ് ജോലികൾ പുലർച്ചയാണ് പൂർത്തിയായത്. രാവിലെ ഏഴിനാണ് മാർക്കിങ് അടക്കം നടത്തിയത്. മൂന്ന് ഹെലിപ്പാഡുകൾ നിർമിച്ചിരുന്നതിൽ ആദ്യം രണ്ട് ഹെലികോപ്ടറുകളിറങ്ങി. മൂന്നാമത്തേതിൽ രാവിലെ 8.33ന് രാഷ്ട്രപതിയുമായി ഹെലികോപ്ടർ ലാൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പാണ് കോൺക്രീറ്റിങ് നടത്തിയത്. വ്യോമസേന ജീവനക്കാരുടെ നിർദേശപ്രകാരം അവർ ചൂണ്ടിക്കാട്ടിയ സ്ഥലത്താണ് കോൺക്രീറ്റ് ചെയ്തതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ഇതേ ഹെലിപ്പാഡിൽനിന്നുതന്നെ വൈകീട്ട് 4.15ഓടെ രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങി.

Comments
Post a Comment