കൈറോ: ഗസ വെടിനിർത്തൽ കരാർ സംബന്ധിച്ച മധ്യസ്ഥ ചർച്ചയിൽ ഇസ്രായേലും ഹമാസും തമ്മിൽ ആദ്യഘട്ട ധാരണയായി.
ഗാസ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ധാരണയിലെത്തിയതായി സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്.
വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടമായി "എല്ലാ വ്യവസ്ഥകളിലും നടത്തിപ്പിലും" കരാറിലെത്തിയതായി വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥനായ ഖത്തറും സ്ഥിരീകരിച്ചു.
"ഗസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുക, ഇസ്രായേൽ അധിനിവേശ സേനയെ പിൻവലിക്കുക, ഗസയിലേക്ക് സഹായങ്ങൾ എത്തിക്കാൻ അനുവദിക്കുക, തടവുകാരെ കൈമാറുക" എന്നിവ വ്യവസ്ഥ ചെയ്യുന്ന ഒരു കരാർ അംഗീകാരിച്ചതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
സമാധാന കരാർ അംഗീകരിച്ചത് "ഇസ്രായേലിന് ഒരു മഹത്തായ ദിവസം" മാണ് എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
ഗസ വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതിനായി വ്യാഴാഴ്ച തന്റെ ഗവൺമെന്റ് വിളിച്ചുകൂട്ടുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
2023 ഒക്ടോബർ മുതൽ ഗസയിൽ ഇസ്രായേൽ നടത്തിയ യുദ്ധത്തിൽ 67,183 പേർ കൊല്ലപ്പെടുകയും 169,841 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു. 2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന ആക്രമണങ്ങളിൽ 1,139 പേർ കൊല്ലപ്പെടുകയും 200 ൽ അധികം പേർ ബന്ദികളാക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ഹമാസിന്റെ കയ്യിൽ 56 ബന്ദികൾ ഉണ്ടെന്ന് കരുതുന്നു. ഇതിൽ 25 ബന്ദികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഹമാസ് പറയുന്നത്. ആദ്യഘട്ടത്തിൽ ജീവനുള്ളവരേ കൈമാറാനാണ് ധാരണ. ഗസയുദ്ധത്തിൽ ഇസ്രായേലിന്റെ ആയിരത്തോളം സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസ് നടത്തുന്ന തുരംഗയുദ്ധത്തെ തകർത്ത് ബന്ദികളെ മോചിപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമം ഫലം കാണാത്ത സാഹചര്യവും അന്താരാഷ്ട്ര സമ്മർദ്ദവുമാണ് സമാധാന കരാറിലേക്ക് നയിച്ചതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Comments
Post a Comment