1973 സന്തോഷ് ട്രോഫി നേടിയ കേരളത്തിന്റെ അഭിമാന താരങ്ങളെ ആദരിച്ചു


1973 സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങൾക്ക് കായിക വകുപ്പിൻ്റെ ആദരം. വിഷൻൻ 2031 ൻ്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന ' നവകായിക കേരളം മികവിൻ്റെ പുതുഅധ്യായം ' സെമിനാറിന് മുന്നോടിയായാണ് ആദ്യമായി കേരളത്തിലേക്ക്   സന്തോഷ് ട്രേഫി എത്തിച്ച ടീമംഗങ്ങളെ ആദരിച്ചത്.  ടീം അംഗങ്ങളായ വിക്ടർ മഞ്ഞില, സേവിയർ പയസ്, ഇട്ടിമാത്യു, അബ്ദുൽ ഹമീദ്, എം.മിത്രൻ, ബ്ലെസ്സി ജോർജ് , കെ പി വില്യംസ് , ജി. ര രവീന്ദ്രൻ നായർ, പ്രസന്നൻ എന്നിവർ ആദരം ഏറ്റുവാങ്ങി. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉപഹാരം നൽകി. കായിക രംഗത്ത്  ഒമ്പത് വർഷത്തിനിടെ  3400 കോടിയുടെ വികസനം നടപ്പിലാക്കിയെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാനത്തിന് ആദ്യ സന്തോഷ് ട്രോഫി വിജയം സ്വന്തമാക്കിയ ടീമംഗങ്ങൾക്ക് നൽകിയ ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബിയിലൂടെ 600 കോടിയുടെ വികസനം പൂർത്തീകരിച്ചു. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻ്റെ നവീകരണം ഉടൻ പൂർത്തിയാവും. നിലവിൽ ഫിഫ അംഗീകാരമില്ലാത്ത സ്റ്റേഡിയത്തിന് അടുത്ത ആഴ്ച അംഗീകാരം ലഭിക്കും.  അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.   വിദ്യാലയങ്ങളിൽ സമഗ്ര കായിക പാഠ്യപദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ  പ്രസിഡൻ്റ് യു. ഷറഫലി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി ആർ വിനോദ്, കായിക വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ്,   സംസ്ഥാന  സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് എം.ആർ. രഞ്ജിത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ എ. ശ്രീകുമാർ, അഡ്വ. രഞ്ജു സുരേഷ്, സ്പോർട്സ് ഫൗണ്ടേഷൻ കേരള ഡയറക്ടർ വി.പി. അനിൽകുമാർ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി. ഹൃഷികേശ് കുമാർ, വൈസ് പ്രസിഡൻ്റ് എം.നാരായണൻ  സംസാരിച്ചു.

Comments