ഊട്ടി: ഡിസംബറിലെ അതിശൈത്യം മൂലം നീലഗിരി കുന്നുകളിൽ മഞ്ഞുറഞ്ഞ പ്രഭാതങ്ങളാണിപ്പോൾ. പുലർച്ച ആറുമണി മുതൽ എട്ടര വരേ ഊട്ടിയും പരിസരപ്രദേശങ്ങളും നേർത്ത മഞ്ഞിന്റ തൂവെള്ള പുതപ്പണിഞ്ഞ് കിടക്കുന്ന കാഴ്ച മനോഹരമാണ്. പ്രകൃതിയുടെ ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ്. ഊട്ടി- മൈസൂർ പാതയിൽ തലൈക്കുന്തയിലാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള പുൽമേടും ചതുപ്പും വനഭൂമിയും മഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന പ്രഭാതകാഴ്ച ഇവിടെയെത്തുന്നവരെ വിസ്മയിപ്പിക്കും. ഡിസംബർ രണ്ടാം വാരത്തിൽ തുടങ്ങി പത്ത് ദിവസം വരേ നീണ്ട് നിൽക്കാറുള്ള അതിശൈത്യം മൂലമുള്ള മഞ്ഞുറച്ചിൽ ഇത്തവണ കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു.
സാധാരണ തലൈകുന്തയിൽ മാത്രം കാണാറുള്ള ഈ പ്രതിഭാസം ഇത്തവണ ഉയർന്ന പ്രദേശങ്ങളിൽ വ്യാപകമായി ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ഡിസം 21 ആം തിയതി ഞായറാഴ്ച മുതൽ ഇവിടെ പൂജ്യം ഡിഗ്രിയിൽ താഴെയാണ് രാവിലെ തണുപ്പ് അനുഭവപ്പെട്ടത്.
ഹിമാലയത്തിലും മറ്റും സംഭവിക്കുന്നതു പോലെയുള്ള മഞ്ഞുവീഴ്ച (Snowfall) അല്ല യഥാർഥത്തിൽ ഊട്ടിയിൽ ഉണ്ടാകുന്നത്. പകരം പുലർകാലത്ത് അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയോ അതിനു താഴെയോ എത്തുന്നത് മൂലം മരങ്ങളിലും പുല്ലുകളിലും പറ്റിപ്പിടിച്ച മഞ്ഞുതുള്ളികൾ ഫ്രീസറുകളിലേതുപോലെ ഉറഞ്ഞും (Frost) ജലാശയങ്ങളിൽ ഐസ്ക്രിസ്റ്റലുകൾ രൂപപ്പെട്ടുമാണ് പ്രദേശം തൂവെള്ള നിറത്തിൽ മഞ്ഞണിയുന്നത്. സൂര്യനുദിച്ച് അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നതോടെ ഇവ ഉരുകി സാധാരണ നില പ്രാപിക്കുകയും ചെയ്യും. സന്ദർശകർ തലേന്ന് രാത്രിയിൽ ഊട്ടിയിലെത്തി റൂമെടുത്ത് പ്രഭാതത്തിൽ മഞ്ഞുതേടി ഇറങ്ങുന്നതാണ് ഇപ്പോഴത്തെ കാഴ്ച. പുലർച്ചെ പുറപ്പെട്ട് ഇവിടെ എത്തുന്നവരുമുണ്ട്.
മഞ്ഞുകാണാൻ പോകുന്നവർ ശ്രദ്ധിക്കേണ്ടത്:-
മറ്റു മാസങ്ങളിൽ ഊട്ടിയിൽ പോകുന്നത് പോലെ മുൻകരുതലുകളൊന്നുമില്ലാതെ ഡിസംബർ,ജനുവരി മാസങ്ങളിൽ ഊട്ടി,കൂനൂർ, കോത്തഗിരി, മഞ്ഞൂർ എന്നിവിടങ്ങളിലേക്ക് പുറപ്പെടരുത്. അത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. സ്വറ്റർ, ജാക്കറ്റ്,കൈയ്യുറ, ഷൂസ് എന്നിവ നിർബന്ധമായും കരുതുക. ഐസ് രൂപപ്പെടുന്ന തരത്തിലെ അതിശൈത്യം മൂലം ഏറ് നേരം നിലത്ത് ചവിട്ടിനിൽക്കുന്നതോടെ കാലുകൾ മരവിക്കും. കൊഴിഞ്ഞ് ഇല്ലത്തതുമൂലം കൈകളും മരവിക്കും. ബ്ലഡ് സർക്കുലേഷൻ കുറഞ്ഞ് കൈകാലുകൾ അപകടകരമായ വിധം നീലനിറമാകാൻ ഇത് ഹേതുവാകും.തണുപ്പ് അലർജിയുള്ളവർ മാസ്ക് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മുൻകരുതലുകളോടെ എത്തിയാൽ സൂര്യ വെളിച്ചത്തിൽ മഞ്ഞുരുകി വെളുത്തു നിന്ന് ഭൂമി ഹരിത ചേലചുറ്റുന്ന മനോഹര കാഴ്ച കാണുന്നതു വരേ ഏറെനേരം മഞ്ഞ് ആസ്വദിക്കാം. ഇല്ലെങ്കിൽ പത്ത് മിനിറ്റിനുള്ളിൽ സ്ഥലം വിടേണ്ടി വരും.
തലൈക്കുന്ത വനഭൂമിയാണ് ജാഗ്രതൈ:
മസിനഗുഡിയിലേക്കുള്ള കല്ലട്ടിചുരം റോഡിലേക്ക് തിരിയുന്ന തലൈകുന്തയിലെ മഞ്ഞുറയുന്ന ആടതുവശത്തെ ചതുപ്പും അപ്പുറത്തെ പുൽമേടും സംരക്ഷിത വനഭൂമിയാണ്. അതിക്രമിച്ച് കടക്കുന്നവർക്കെതിരെ പിഴ ചുമത്തിയേക്കാം. അടിയും കിട്ടും. അതുകൊണ്ട് പോലിസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുവാദം ലഭിക്കുന്ന ഏരിയവരേ മാത്രം പോകുക. അതിനപ്പുറം കടക്കരുത്. ചതുപ്പിൽ കാൽ ആഴ്ന്ന് പോകാതെയും എട്ട് കയറാതെയും സൂക്ഷിക്കുക.
ജനുവരിയാകുന്നതോടെ തണുപ്പിന്റെ കാഠിന്യം കുറയും. മഞ്ഞുകാണാൻ ഹിമാലയത്തിലെ കശ്മീരും മണാലിയുമൊന്നും സന്ദർശിക്കാൻ സാധിക്കാത്തവർ നേരെ ഊട്ടിയിലേക്ക് വിട്ടോളൂ.ചെറിയ ചെലവിൽ മഞ്ഞ് ആസ്വദിക്കാം. എല്ലാദിവസവും ഇങ്ങനെ മഞ്ഞുറഞ്ഞ് ധവളസുന്ദരിയായി നീലഗിരി യെ കാണാനാവില്ല എന്നുകൂടെ ഓർക്കണേ.



Comments
Post a Comment