ഊട്ടിയിലേക്കുള്ള വഴിയിലെ മനോഹരമായ യൂക്കാലി കാടുകളിലിറങ്ങി ഫോട്ടോസും റീൽസും എടുക്കാത്തവരുണ്ടാകില്ല. കോടമഞ്ഞേറ്റ മൂക്കടപ്പ് മാറ്റുന്ന അവിടുത്തെ യൂക്കാലിയുടെ സുഗന്ധം വല്ലാത്തൊരു അനുഭൂതിയാണ്. ഈ യൂക്കാലി കാടുകൾക്കുമുണ്ട് ഒരു കഥപറയാൻ.
ഗൂഡല്ലൂരിൽ നിന്ന് ഊട്ടിയിലേക്ക് പോകുന്ന ചുരം പാതയിൽ ഊസിമലയുടെ ചാരത്ത് 29 ഏക്കർ പരന്ന് കിടക്കുന്ന തമിഴ്നാട് സർക്കാറിന്റെ ഈടമസ്ഥതയിലുള്ള വിൽസൺ യൂക്കാലിപ്റ്റസ് പാന്റേഷനാണ് നമ്മൾ കാണാറുള്ളത്. ഈ യൂക്കാലി കാടുകളിലൂടെയാണ് നീഡിൽ റോക്ക് വ്യൂ പോയിന്റിലേക്കുള്ള നടപ്പാത ആരംഭിക്കുന്നത്. ഇവിടെ നിന്ന് നോക്കിയാൽ താഴെ ഗൂഡല്ലൂർ താലൂക്കിന്റെയും കർണാടകയുടെയും മനോഹരമായ ദൃശ്യങ്ങൾ കാണാനാകും. ആനകളും മ്ലാവുകളും കാട്ടികളും കുരങ്ങുകളും അടക്കം നിരവധി ജന്തു ജാലകങ്ങൾ ഇവിടെയുണ്ട്. തേനീച്ചകളും കടന്നലുകളുമടക്കമുള്ള നിരവധി ഷഠ്പദങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണ് ഈ യൂക്കാലി കാടുകൾ.
1967ലാണ് തമിഴ്നാട് സർക്കാർ ഈ പ്ലാന്റേഷൻ ബ്രിട്ടീഷ് കമ്പനിയിൽ നിന്ന് ഏറ്റെടുക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ നീലഗിരിയിൽ യൂക്കാലി മരങ്ങൾ നട്ടുപിടിപ്പിക്കാൻ ആരംഭിച്ചിരുന്നു. മരത്തടികൾ കയറ്റി അയക്കുകയായിരുന്നു പ്രധാന ലക്ഷ്യം.അതോടൊപ്പം യൂക്കാലി തൈലവും കയറ്റുമതി ചെയ്തു.
വെള്ളക്കാരോടൊപ്പം മല കയറിയ മരം
ബ്രിട്ടീഷുകാരോടൊപ്പം നമ്മുടെ നീലഗിരിയുടെ ആവാസവ്യവസ്ഥയിൽ അധിനിവേശ നടത്തിയ മൊതലാണ് യഥാർഥത്തിൽ യൂക്കാലിപ്റ്റസ് മരം. വെള്ളക്കാർ കൂടുംകുടുക്കയും എടുത്ത് പോയിട്ടും കുന്നുകളിൽ തലയെടുപ്പോടെ യൂക്കാലി മരങ്ങൾ ഇന്നും നിൽക്കുകയാണ്. ചായ, കാപ്പി എന്നിവപോലെ തന്നെ.
18ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് യൂക്കാലി മരങ്ങളെ കുറിച്ചും അവയുടെ, വാണിജ്യ,ഔഷധ ഉപയോഗങ്ങളെ കുറിച്ചും ലോകം മനസ്സിലാക്കുന്നത്. കൃത്യമായി പറഞ്ഞാൽ,1770 ൽ ക്യാപ്റ്റൻ ജൈംസ് കുക്കിനോടൊപ്പം ആസ്ട്രേലിയയിലെ സിഡ്നിക്കടുത്തുള്ള ബോട്ടണി ബേയിൽ ജോസഫ് ബാങ്ക്, ഡാനിയൽ സോളാൻഡർ എന്നീ സസ്യ ശാസ്ത്രജ്ഞർ കപ്പലിറങ്ങുന്നതുവരേ
യൂക്കാലിപ്റ്റസ് മരങ്ങളെ കുറിച്ച് പുറംലോകത്തിന് പ്രത്യേകിച്ച് പാശ്ചാത്യർക്ക് ഒന്നും അറിവില്ലായിരുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ ലോകത്ത് വലിയ വിപ്ലവം തീർക്കാൻ ഈമരം ഹേതുവായി.
ജന്മദേശം ആസ്ട്രേലിയ
"മിർട്ടേസീ” ജനുസിൽ പെട്ട “യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്” എന്ന ശാസ്ത്രീയ നാമമുള്ള ഔഷധ ഗുണമുള്ള ഒരു നിത്യഹരിത മരമാണ് യൂക്കാലിപ്റ്റസ്. ആസ്ട്രേലിയയാണ് ജന്മദേശം.
715 തരം യൂക്കാലി മരങ്ങൾ ലോകത്തുണ്ട്. ഓസ്ട്രേലിയയിലാണ് യൂകാലിപ്റ്റസ് മരങ്ങളുടെ മിക്കവാറും സ്പീഷീസുകൾ കാണപ്പെടുന്നത്. മരങ്ങളും കുറ്റിച്ചെടികളും അടങ്ങിയതാണിത്. ഹിന്ദിയിൽ ഗന്ധദ്രുപ എന്നും തമിഴിൽ കർപൂരമരം എന്നും വിളിക്കപ്പെടുന്നു. ഓസ്ട്രേലിയയിലെ ഇരുപത്തിമൂന്ന് കോടി ഏക്കർ ഭൂപ്രദേശം സ്വാഭാവിക യൂക്കാലി കാടുകളാണ്. തടി, പേപ്പർ നിർമാണം, യൂക്കാലി തൈലം, തുടങ്ങിയ ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ വാണിജ്യാടിസ്ഥാനത്തിൽ യൂക്കാലിപ്റ്റസ് നട്ടുപിടിപ്പിക്കാൻ തുടങ്ങയതോടെ ലോകത്ത് എല്ലായിടത്തും യൂക്കാലി മരങ്ങൾ എത്തി.
കേരളത്തിൽ മൂന്നാർ, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിൽ വലിയ യൂക്കാലി പ്ലാന്റേഷണുകൾ ഉണ്ട്. ഊട്ടി ഉൾക്കൊള്ളുന്ന നീലഗിരിയിലും കർണാടകത്തിലെ ഉയർന്ന പ്രദേശങ്ങളിലും യൂക്കാലി തോട്ടങ്ങൾ കാണാം.
ടാസ്മാനിയൻ ബ്ലൂഗം, സൗത്ത് ബ്ലൂ-ഗം അല്ലെങ്കിൽ ബ്ലൂ ഗം എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവ സാധാരണയായി 30-55 മീറ്ററിൽ (98-180 അടി) ഉയരത്തിലാണ് വളരുന്നത്. 101 മീറ്റർ (331 അടി) ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള മരം എന്ന പേരും ഇവക്കുണ്ട്.
യൂക്കാലി ഇലകൾ ഒരു ഹെർബൽ ടീയായി ഉപയോഗിക്കാറുണ്ട്. ഇലകൾ യൂക്കാലിപ്റ്റസ് എണ്ണ വാറ്റിയെടുക്കാനും ഉപയോഗിക്കുന്നു. ഗ്ലോബുലസ് ആഗോള യൂക്കാലിപ്റ്റസ് ഓയിൽ ഉത്പാദനത്തിന്റെ മുഖ്യ ഉറവിടമാണ്.യൂക്കാലി ഓയിലിന്റെ ഏറ്റവും വലിയ വാണിജ്യ ഉത്പാദകർ ഇന്ന് ചൈനയാണ്. പൂക്കൾ തേനീച്ചയ്ക്ക് തേനിനും നല്ല ഉറവിടമാണ്. ഇവയുടെ പൂക്കൾ അടങ്ങിയ ഗംനട്ട് പൊട്ടുമ്പോഴാണ് ആനന്ദദായകമായ സുഗന്ധം ഈകാടുകളിൽ പരക്കുന്നത്.




Comments
Post a Comment