ഊട്ടിയിൽ നിന്ന് 60 കിലോമീറ്റർ അകലെ നീലഗിരിയുടെ ഉയരങ്ങളിൽ 45 ഓളം ഹെയർപിൻ വളവുകൾ കയറിയും ഇറങ്ങിയും ചെന്നാൽ ഒരു വിദൂര വനഗ്രാമമുണ്ട്. പ്രാക്തന ഗോത്ര വിഭാഗമായ 'ബഡുഗാസ്' വസിക്കുന്ന ഗോത്ര വർഗ്ഗ ഹട്ടികൾ. മഞ്ഞൂരിൽ നിന്ന് ആദ്യം മലയിറങ്ങി, പിന്നെ, മൂടൽമഞ്ഞ് മേലാപ്പ് പുതച്ച കാട്ടുവഴികളും തേയിലത്തോട്ടങ്ങളും താണ്ടി മലകയറ്റം. തുടർന്ന് ഇരുവശങ്ങളും അഗാധമായ താഴ് വരകളോടുകൂടിയ 'ടാബിൾടോപ്' റോഡിലൂടെയുള്ള സാഹസിക യാത്ര. കാട്ടികളും കേഴകളും പുലികളും യഥേഷ്ടം വിഹരിക്കുന്ന സ്വച്ഛവിജന വനപാതയുടെ മാറിലൂടെയുള്ള മലയിറക്കം അവസാനിക്കുന്നത് കിന്നക്കോറൈ എന്ന വിദൂര ഗ്രാമത്തിൽ.
ഈഗ്രമത്തിൽ ആകെയുള്ളത് രണ്ടു ചായക്കടകളും ഒരു സ്കൂളും തൊഴിലാളികളുടെ ഏതാനും പാടികളും മാത്രം. കർഷകരുടെ ഒറ്റപ്പെട്ട വീടുകളും അങ്ങിങ്ങായി കാണാം. ടൂറിസ്റ്റുകളുടെ ബഹളമോ മാലിന്യങ്ങളോ ഒന്നുമില്ലാത്ത ഗ്രാമ സൗന്ദര്യം. ചുറ്റിലും പച്ചപ്പ് നിറഞ്ഞ മലകളും താഴ് വരകളും.
മഞ്ഞൂരിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ കുന്ദ താലൂക്കിൽ കേരള അതിർത്തിയോട് ചേർന്നാണ് ഈ വനം ഗ്രാമം. അവിടെ നിന്ന് ഏകദേശം രണ്ടര കിലോമീറ്റർ കൂടി മുന്നോട്ടു പോയാൽ വനത്താൽ ചുറ്റപ്പെട്ട മറ്റൊരു ഗ്രാമമുണ്ട്.'ഇരിയസീഗൈ'. ബഡുഗാസ് ഗോത്രക്കാർ മാത്രം താമസിക്കുന്ന ഈ വിദൂര വനഗ്രാമത്തിലേക്ക് പുറം നാട്ടുകാർക്ക് അനുമതിയില്ല. ഇരിയസീഗൈ എന്ന ബോഡ് കാണുന്നിടത്ത് ഒരു ചെക്ക് പോസ്റ്റുണ്ട്. സഞ്ചാരികൾക്ക് അവിടെ വരേ മാത്രമേ അനുവാദമുള്ളു. അറുപതോളം കുടുംബങ്ങളാണ് ഈ ഗ്രമത്തിലുള്ളത്. ഗ്രാമത്തിന്റെ ഒരറ്റത്തെ മലകയറിയാൽ അട്ടപ്പാടി മുതൂർ പഞ്ചായത്താണ്.പക്ഷെ വഴിയില്ല. തമിഴ്നാട് നീലഗിരി ജില്ലയിലെ ഗ്രാമങ്ങൾ ഇവിടെ അവസാനിക്കുകയാണ്. തമിഴോ കന്നടയോ മലയാളമോ അല്ലാത്ത പ്രത്യേകതരം 'ബഡുഗ' എന്ന ലിപിയില്ലാത്ത ഭാഷയാണ് ഈ ഗ്രാമവാസികൾ സംസാരിക്കുന്നത്. ഈ ഗ്രാമത്തിന്റെ വശ്യതപോലെ തന്നെ ഇവിടുത്തെ ജനങ്ങളും വളരേ ആഥിത്യ മര്യാദയുള്ളവരാണ്. ഇരിയസീഗൈയിലേക്കുള്ള യാത്ര അവിസ്മരണീയമാണ്.








Comments
Post a Comment