ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖാംനഇയുടെ രക്തസാക്ഷിത്വം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ 36 വർഷം നീണ്ട ഇസ്ലാമിക റിപബ്ലികിന്റെ കരുത്തുറ്റ നായകന്റെ യുഗം അവസാച്ചു. 1939 ഏപ്രിൽ 19 ന് ഖുറാസാനിലെ മശ്‌ഹദിൽ ജനിച്ച അലി ഹുസൈനി ഖാംനെഇ എന്ന മതപണ്ഡിതൻ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പ്രസിഡന്റും പിന്നീട് പരമോന്നത നേതാവായ 'ആയത്തുല്ല'യുമായ ചരിത്രം സംഭവബഹുലവും പോരാട്ടങ്ങളുടേതുമാണ്. 'ലാ ശിഈയ്യ വലാ സുന്നിയ്യ ഇസ്ലാമിയ്യ,ഇസ്ലാമിയ്യ'( ശിയാ- സുന്നിയല്ല ഇസ്ലാമാണ്) എന്ന മുദ്രാവാക്യം വിളിച്ച് പൊരുതിയ പേർഷ്യൻ ഇസ്ലാമിക വിപ്ലവകാരികളുടെ യുവനേതൃനിരയിൽ ഖുമാനിയോടൊപ്പം അന്ന് ഖാംനഇ ഉണ്ടായിരുന്നു.
ഇപ്പോൾ 86 ആം വയസിൽ രക്ത സാക്ഷിത്വത്തിന്റെ വഴിയിലേക്ക് സ്വയമറിഞ്ഞ് നടന്നുകയറിയ അമരത്വമാണ് അലി ഹുസൈനി ഖാംനഇയുടേത്. ഇസ്രായേൽ-അമേരിക്കൻ ശക്തികളോടുള്ള സമരത്തിൽ താൻ ശഹാദത്ത് വരിക്കും എന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പിൻഗാമിയെപോലും നിശ്ചയിച്ച് ശത്രുവിന്റെ അഗ്നിബാണം കാത്തിരിക്കുക തന്നെയായിരുന്നു അദ്ദേഹം.
ആദരി വംശജനായ ഖാംനഇയുടെ കുടുംബവേരുകൾ അസർബൈജാനിലാണ്. ഇറാനിലെ മക്തബ് ഖാന ശീഈ മതപാഠശാലയിൽ നിന്നാണ് ഖാംനഇ പ്രാഥമിക വിദ്യഭ്യാസം നേടിയത്. പിന്നീട് ദാറുത്തഅലീമെ ദീനിയാത്തിൽ പഠനം തുടർന്നു. അതോടൊപ്പം സെക്കണ്ടറി സ്കൂൾ പാസായി. ഒരിക്കൽ പോലും അമേരിക്കൻ, പാശ്ചാത്യൻ താൽപര്യങ്ങളോട് രാജിയാവാനോ കീഴൊതുങ്ങാനോ ഖാംനഇ തയ്യാറായില്ല. ബഹുഭാഷാ വിദഗ്ദ്ധനും ഗ്രന്ഥകാരനുമായ ഖാമെനെയി പേർഷ്യൻ, ഇംഗ്ലീഷ്, അറബിൿ, തുർക്കിയ്യ, ആദരി തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഇന്ത്യൻ കവിയായ അല്ലാമാ ഇഖ്ബാലിനെക്കുറിച്ചുള്ള "ഇഖ്ബാൽ: ഇസ്ലാമിക നവോത്ഥാനത്തിന്റെ കവിയും തത്ത്വചിന്തകനും" എന്നതടക്കം ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്.
നജഫിലേയും ഖുമ്മിലേയും ദർസുകളിൽ നിന്ന് ദീനീ വിദ്യാഭ്യാസത്തിൽ ബിരുദം നേടിയിട്ടുണ്ട്. ആയത്തുല്ല ഖുമൈനിയും ആയത്തുല്ലാ ബുറൂജിർദിയും ഖുമ്മിൽ അദ്ദേഹത്തിന്റെ ഉസ്താദുമാരായിരുന്നു.
ഇറാൻ വിപ്ലവകാലത്ത് ഗുരുവായിരുന്ന ആയത്തുല്ല ഖുമൈനിയോടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. 1977-ൽ ഉലമാ മുജാഹിദീൻ എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയപ്പോൾ അതിന്റെ ഭാഗമായി. പിന്നീട് ഖുമൈനിയുടെ വിപ്ലവ പ്രസ്ഥാനമായും ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടിയായും ഉലമാ മുജാഹിദീൻ ഗ്രൂപ്പ് മാറി. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് ഊർജ്ജം പകർന്ന റെവല്യൂഷണറി കമാൻഡ് കൗൺസിലിൽ ഖാംനഇ അംഗമായിരുന്നു. 1979 ഫെബ്രുവരി 1ന് വിപ്ലവസേനയുടെ കമാണ്ടർ ആയി ഖാംനഇ ചുമതലയേറ്റു. ഷാ പഹ്ലവിയെ പുറത്താക്കി രൂപംകൊണ്ട ഭരണകൂടത്തിന്റെ പ്രതിരോധ കൗൺസിലിൽ റവല്യൂഷനറി കൗൺസിലിന്റെ പ്രതിനിധിയായും പ്രതിരോധ സഹമന്ത്രിയായും ഖാംനഇ നിയമിക്കപ്പെട്ടു. പിന്നീട്
1981-ലേയും 1986-ലേയും പ്രസിഡൻഷ്യൽ തെരെഞ്ഞെടുപ്പുകളിൽ 95%, 86% എന്നിങ്ങനെ വോട്ടുകൾ നേടി ഇറാന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1989 ജൂൺ 3-ന് ആയത്തുല്ല ഖുമൈനി മരണപ്പെട്ടതിനെ തുടർന്ന് ഇറാന്റെ പരമോന്നത നേതാവായി ജനം ഖാംനഇയെ ആണ് തെരെഞ്ഞടുത്തത്. രക്ത സാക്ഷിത്വം പുൽകും വരേയും കീഴൊതുങ്ങാത്ത ആത്മവീര്യത്തോടെ സ്വന്തം ജനതയെ നയിച്ചുവെന്ന് പറയാൻ കഴിയുന്ന അപൂർവം മുസ്ലിം നേതാക്കളുടെ കൂട്ടത്തിലായിരിക്കും ഇനി ഖാംനഇ സ്മരിക്കപ്പെടുക. ഒറ്റു കൊടുത്ത അറബ് ഏകാധിപതികൾ വിസ്മൃതിയിൽ മറയുമ്പോഴും ഖാംനഇയുടെ രക്തം ഉമ്മത്തിന്റെ പ്രചോദനമാകും.



Comments
Post a Comment