ന്യൂഡൽഹി: ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടേതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ക്ലിപ്പ് തെറ്റിദ്ധാരണാ ജനകമെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയിലെ മുസ്‌ലിംകൾ സുരക്ഷിതരാണെന്ന പരാമർശമാണ് സാമൂഹിക മാധ്യമങ്ങളിൽ വിവാദമായിരുന്നത്.
കേരളത്തിലുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിയോജിപ്പിന് കാരണമായ ഈ വിഷയത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ താഴെ പറയുന്നവയാണ്:
'അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ, ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയുടെ ഒരു ഭാഗം മാത്രമാണ്.
ലോകത്തിന്റെ വിവിധ കോണുകളില്‍ യുദ്ധവും അടിച്ചമര്‍ത്തലും അസ്ഥിരതയും നേരിടുന്ന മുസ് ലിം ജനവിഭാഗങ്ങളുടെ ദുരവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉറപ്പുനല്‍കുന്ന സമാധാനപരമായ സാഹചര്യത്തെക്കുറിച്ചായിരുന്നു ആ ചോദ്യം.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന സുരക്ഷിതാവസ്ഥയ്ക്കും സമാധാനാന്തരീക്ഷത്തിനും നാം ദൈവത്തോട് നന്ദിയുള്ളവരാണെന്നാണ് അമീര്‍ വ്യക്തമാക്കിയത്.
എന്നാല്‍, അദ്ദേഹത്തിന്റെ മറുപടിയുടെ ബാക്കി ഭാഗങ്ങള്‍ വെട്ടിമാറ്റി അത്യന്തം തെറ്റിദ്ധാരണക്ക് ഇടയാക്കുന്ന രൂപത്തിലാണ് നിലവില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, രാജ്യത്തെ സ്‌നേഹവും ഐക്യവും തകര്‍ക്കാനും ഇത്തരം മൂല്യങ്ങളെ അട്ടിമറിക്കാനും ശ്രമിക്കുന്ന ഫാഷിസ്റ്റ് ശക്തികളെക്കുറിച്ച് അദ്ദേഹം അവിടെ കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ നിര്‍ണ്ണായകമായ ഈ വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് തെറ്റായ ധാരണകള്‍ പടര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ.
ഇന്ത്യന്‍ ഭരണഘടനയോടും ജനാധിപത്യത്തോടും എല്ലാ പൗരന്മാരുടെയും അന്തസ്സിനോടുമുള്ള നിലപാട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ, വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികള്‍ വിഭജനം സൃഷ്ടിക്കാനും മുസ് ലിംകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാനും നടത്തുന്ന നീക്കങ്ങളില്‍ സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു.
അപൂര്‍ണ്ണവും വസ്തുതാവിരുദ്ധവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങളും വ്യക്തികളും വിട്ടുനില്‍ക്കണമെന്ന് സംഘടന അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തിന്റെ ഉദാത്തമായ സമാധാന പാരമ്പര്യവും ഭരണഘടനാപരമായ മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആഹ്വാനം ചെയ്യുന്നു. ജമാഅത്തെ ഇസ് ലാമി ദേശീയ സെക്രട്ടറി സല്‍മാന്‍ അഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് പ്രശ്നങ്ങളൊന്നു മില്ലെന്നും അവർ സുരക്ഷിതരാണെന്നും നേരത്തെ കാന്തപുരം എംപി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചിരുന്നു. നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തിയ ശേഷമാണ് ഇങ്ങനെ പരാമർശമുണ്ടായത്. ഇത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമാനമായ രീതിയിൽ ജമാഅത്ത് അമീറും പ്രസ്താവന നടത്തിയതായി പ്രചാരണമുണ്ടായത്.

Comments
Post a Comment