അമേരിക്കൻ പോർവിമാനങ്ങൾ തകർന്നു വീണതായി സ്ഥിരീകരണം: കുവൈത്തിലെ യുഎസ് എയർബെയ്സ് ആക്രമിച്ചതായി ഇറാൻ



കുവൈത്ത് സിറ്റി:
ഇറാനെതിരെ ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണം തുടരുന്നതിനിടെ നിരവധി അമേരിക്കൻ പോർവിമാനങ്ങൾ തകർന്നു വീണതായി കുവൈത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അമേരിക്കൻ F15 ഫൈറ്റർ ജെറ്റ് കുവൈറ്റിൽ തകർന്നു വീഴുന്ന ദൃശ്യങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതിനുപിന്നിലെയാണ് കുവൈറ്റ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. വിമാനങ്ങൾ തകർന്നു വീണതിന്റെ കാരണം വ്യക്തമല്ല. വൈമാനികർ സുരക്ഷിതരാണെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തകർന്ന വിമാനങ്ങൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. കുവൈത്തിലെ അൽ സലിം അമേരിക്കൻ വ്യോമത്താവളം ആക്രമിച്ചതായി ഇറാൻ വെളിപ്പെടുത്തിയിട്ടുമുണ്ട്. 

 ഇതിനിടെ ഇറാനിൽ നടത്തിയ ആക്രമണത്തിൽ മരണം 500 കവിഞ്ഞതായി റിപ്പോർട്ട് പറയുന്നു. 48 ഇറാൻ ഉന്നത നേതാക്കളെ വധിച്ചതായി അമേരിക്ക അവകാശപ്പെടുന്നു. ഇറാനിയൻ മുൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നജ്ജാദും കൊല്ലപ്പെട്ടതായി വിവരമുണ്ട്. പശ്ചിമേഷ്യൻ നാടുകളിലെ യുഎസ് കേന്ദ്രങ്ങൾക്കു നേരെയുള്ള ഇറാന്റെ ആക്രമണം ഇന്നും തുടരുന്നുണ്ട്. സൗദി- അമേരിക്കൻ അരാംകോയുടെ ഓയിൽ റിഫൈനറി ഇറാൻ ആക്രമിച്ചു.ഇന്നലെ രാത്രി നടന്ന മിസൈൽ ഡ്രോൺ ആക്രമണങ്ങളിൽ ഇസ്രായേലിലെ ടെൽ അബീബ്, അധിനിവിഷ്ട ജറൂസലേം, ബൈത് ഷീമഷ് എന്നിവിടങ്ങളിൽ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. യുഎസ് പടക്കപ്പലിനുനേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെടുന്നുവെങ്കിലും കപ്പലിന് അടുത്തുപോലും പ്രൊജക്ടൈലുകൾക്ക് എത്താനായില്ല എന്ന് അമേരിക്ക അവകാശപ്പെട്ടു.

Comments