നീലഗിരി കുന്നുകളിൽ ഇതു കുറിഞ്ഞി പൂക്കുന്ന കാലം മേട്ടു കുറിഞ്ഞിയും പിന്നെ നീലക്കുറിഞ്ഞിയും; ഔഷധഗുണങ്ങൾ,അറിയേണ്ടതെല്ലാം

നീലഗിരി ഗൂഡല്ലൂരിൽ കുറിഞ്ഞി പൂത്തപ്പോൾ
ഊട്ടി: നീലകമ്പളം പുതച്ചു സുന്ദരിയായി മയങ്ങുന്ന പശ്ചിമഘട്ട മലനിരകളെ കാണാൻ എന്തൊരു ചേലാണ്.നീലക്കുറിഞ്ഞി പശ്ചിമഘട്ടത്തിലെ ചോലവനങ്ങളിലും നിത്യഹരിതവനങ്ങളോടു ചേർന്ന പുൽമേടുകളിലും മാത്രം കാണപ്പെടുന്ന അതീവ സവിശേഷതകളുള്ള ഒരു കുറ്റിച്ചെടിയാണ്. ഇതിൻ്റെ നീല കലർന്ന വയലറ്റ് നിറത്തിലുള്ള പൂക്കൾ ഒന്നിച്ച് പൂത്തുലയുമ്പോഴാണ് മലനിരകൾ നീലക്കമ്പളം പുതച്ചതുപോലെ കാഴ്ചയുടെ വസന്തമൊരുക്കുന്നത്.
12 വർഷത്തിൽ ഒരിക്കൽ മാത്രമേ നീലക്കുറിഞ്ഞി പൂക്കാറുള്ളൂ. പൂത്തുക്കഴിഞ്ഞാൽ ഇവ പത്ത് ദിവസത്തിനുള്ളിൽ ഉണങ്ങി നശിക്കുകയും ചെയ്യും. പിന്നീട് മണ്ണിൽ വീഴുന്ന ഇവയുടെ വിത്തുകളിൽ നിന്ന് പുതിയ ചെടികൾ വളരാറാണ്.അടുത്ത 12 ആം വർഷം ഇവയും പൂക്കും.
'നീലഗിരി' (നീല മലകൾ) എന്ന പേരിന് ഹേതു:-
നീലക്കുറിഞ്ഞി വ്യാപകമായി വിരിയുന്നത് കൊണ്ടാണ് തമിഴ്‌നാട്ടിലെയും കേരളത്തിലെയും അതിർത്തിയോട് ചേർന്ന മലനിരകൾക്ക് 'നീലഗിരി' (നീല മലകൾ) എന്ന പേര് ലഭിച്ചത്. നീലക്കുറിഞ്ഞിയുടെ മറ്റൊരു വകഭേദമായ മേട്ടുക്കുറിഞ്ഞിയും നീലഗിരിയിൽ പൂക്കാറുണ്ട്. പൂക്കളുടെ രൂപത്തിൽ വലിയ വ്യത്യാസം തോന്നാറില്ലെങ്കിലും ഇവപൂക്കുന്ന കാലയളവിൽ വ്യത്യാസമുണ്ട്. മേട്ടുകുറുഞ്ഞി സാധാരണ ഏഴ്-എട്ട് വർഷംകൊണ്ട് പൂക്കാറുമുണ്ട്.
നീലക്കുറിഞ്ഞിയും മേട്ട്കുറിഞ്ഞിയും തമ്മിൽ പ്രധാനമായും പൂവിടുന്ന കാലയളവ്, വളരുന്ന ഉയരം, സസ്യശാസ്ത്രപരമായ പ്രത്യേക, എന്നിവയിലാണ് വ്യത്യാസങ്ങൾ ഉള്ളത്.
നീലക്കുറിഞ്ഞി പൂക്കുന്നത് എവിടെ: സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1000 മീറ്ററിന് മുകളിലുള്ള ഉയർന്ന മലനിരകളിലാണ് ഇവ വളരുന്നത്. തണ്ടിന്റെ ശാഖകളിൽ
നിറയെ നീലയും വയലറ്റും നിറമുള്ള പൂക്കളുമായാണ് ഇവ വിടരുക. സ്ട്രോബിലാന്തസ് കുന്തിയാന (Strobilanthes kunthianus) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
മേട്ട്കുറിഞ്ഞി:
സമുദ്രനിരപ്പിൽ നിന്ന് 600 നും 1000 മീറ്ററിനും ഇടയിലുള്ള ഉയരമുള്ള പ്രദേശങ്ങളിലാണ് നേട്ടവും കുറിഞ്ഞി സാധാരണ കാണപ്പെടുന്നത്.
ഇതിന് ഇലഞെട്ടുകൾ ഇല്ല. തണ്ടിനോട് ചേർന്ന് സ്പൈക്കുകളായാണ് പൂക്കൾ ഉണ്ടാവുക. ഒരേ വർഗ്ഗത്തിൽ പെടുന്ന കുറിഞ്ഞികളിൽ സ്ട്രോബിലാന്തസ് സെസ്സിലിസ് (Strobilanthes sessilis) എന്ന ശാസ്ത്രീയ നാമത്തിലാണ് മേട്ടുകുറിഞ്ഞി അറിയപ്പെടുന്നത്.
നീലഗിരിയിൽ ഇപ്പോൾ വ്യാപകമായി പൂവിട്ടത് മേട്ടു കുറിഞ്ഞിയാണ്. പൊതുവിൽ ഇതിനെയും നീലക്കുറിഞ്ഞി എന്നുതന്നെയാണ് വിളിക്കാറ്. തമിഴിൽ മേട്ടുകുറിഞ്ഞി എന്നും പറയും. വയലുകളിലും മറ്റും കാക്ക കുറിഞ്ഞി പോലുള്ള ഇതര ഇനം കുറിഞ്ഞികൾ പൂക്കാറുള്ളതുകൊണ്ടാണ്. കുന്നുകളിൽ പൂക്കുന്നവയെ മേട്ടു കുറിഞ്ഞി എന്ന് പറയുന്നത്.
വ്യത്യാസ്ത കുന്നുകളിൽ വെവ്വേറെ വർഷങ്ങളിൽ പൂക്കുന്നതിനാൽ നീലഗിരിയിൽ ഇടക്കൊക്കെ കുറിഞ്ഞി പൂക്കുന്നത് കാണാം.
2018 നു ശേഷം ഇപ്പോഴാണ് നീലഗിരിയിലെ ഗൂഡല്ലൂർ, ഊട്ടി ഭാഗത്ത് വലിയതോതിൽ കുറിഞ്ഞി പൂക്കാലമുണ്ടാകുന്നത്. അടുത്ത വലിയ പൂക്കാലം 2030-ൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
നീലഗിരി, പളനിമല, കൊടൈക്കനാൽ, മുന്നാർ, ഇരവികുളം,മറയൂർ എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി വ്യാപകമായി പൂക്കാറുള്ളത്. കേരളത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ മലനിരകളിലാണ് നീലക്കുറിഞ്ഞി ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ഇരവികുളം നാഷണൽ പാർക്ക് ഇതിൽ പ്രധാനപ്പെട്ടതാണ്. വംശനാശം ഭീഷണി നേരിടുന്ന ചെടിയാണ് കുറിഞ്ഞി. സംരക്ഷിത സസ്യങ്ങളുടെ പട്ടികയിൽ കേന്ദ്ര സർക്കാർ നീലക്കുറിഞ്ഞിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
നീലക്കുറിഞ്ഞിയുടെ ഔഷധ ഗുണങ്ങൾ:-
വാത രോഗങ്ങൾ: സന്ധിവാതം, ശരീരം വേദന എന്നിവ കുറയ്ക്കാൻ നീലക്കുറിഞ്ഞിയുടെ വേരിൽ നിന്നും ഇലയിൽ നിന്നും എടുക്കുന്ന സത്ത് സഹായിക്കുന്നു.
വയറിന്റെ അസുഖങ്ങൾ: ദഹന പ്രശ്നങ്ങൾക്കും ഉദരരോഗങ്ങൾക്കും പരമ്പരാഗതമായി നീലക്കുറിഞ്ഞി ഉപയോഗിക്കുന്നു
മുറിവ്, നീർക്കെട്ട്: ചർമ്മത്തിലെ മുറിവുകളും നീർക്കെട്ടും കുറയ്ക്കാൻ ഉതകുന്നു.
മേട്ടു കുറിഞ്ഞിയുടെ ഔഷധ ഗുണങ്ങൾ:-
നീർക്കെട്ട്: ആദിവാസി സമൂഹങ്ങൾ പരമ്പരാഗതമായി വാതസംബന്ധമായ നീർക്കെട്ടുകൾക്കും വേദനയ്ക്കും ഇതിന്റെ വേരുകളിൽ നിന്നുള്ള സത്തെടുത്ത് എണ്ണകാച്ചി ഉപയോഗിക്കാറുണ്ട്.
ആന്റിഫംഗൽ: ഇതിന്റെ പൂവുകളിലും വേരുകളിലും ഫംഗസിനെ പ്രതിരോധിക്കാനുള്ള ശേഷിയുള്ള കെമിക്കൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കുറിഞ്ഞികൾ പലതരം:-
ഏകദേശം 450-ലധികം കുറിഞ്ഞി ഇനങ്ങൾ (Strobilanthes) ലോകത്താകെ ഉണ്ടെന്നാണ് സസ്യശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളിൽ ഇവയുടെ വലിയൊരു വൈവിധ്യം കാണാം. ഇന്ത്യയിൽ ഏകദേശം 150 ഓളം കുറിഞ്ഞി ഇനങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ. പശ്ചിമഘട്ട മലനിരകളിൽ മാത്രം 64 മുതൽ 72 വരെയുള്ള വ്യത്യസ്ത ഇനങ്ങൾ വളരുന്നുണ്ട്.
കേരളത്തിൽ കാണപ്പെടുന്ന 37 ഓളം ഇനങ്ങൾ ഏകദേശം 20 ഇനങ്ങൾ മൂന്നാർ മലനിരകളിലാണ് വളരുന്നത്.
ഓരോ ഇനം കുറിഞ്ഞികൾക്കും അവയുടെ പൂക്കാല ചക്രത്തിൽ (Flowering cycle) വ്യത്യാസമുണ്ട്. 'നീലക്കുറിഞ്ഞി' 12 വർഷത്തിലൊരിക്കൽ പൂക്കുമ്പോൾ, മറ്റു ചില ഇനങ്ങൾ 1, 7, 8, 16 വർഷങ്ങളുടെ ഇടവേളകളിലാണ് വസന്തമൊരുക്കുന്നത്.
നീലക്കുറിഞ്ഞി, മേട്ടു കുറിഞ്ഞി എന്നിവയാണ് ഒരു പ്രദേശമാകെ ഒന്നിച്ചു പൂവിടാറ്.
സന്ദർശകർ ജാഗ്രതൈ:-
കഴിഞ്ഞ ദിവസം തമിഴ്നാട് നീലഗിരി ഗൂഡല്ലൂർ ഭാഗത്ത് വ്യാപകമായി പൂത്ത കുറിഞ്ഞി വസന്തം കാണാൻ ധാരാളം സഞ്ചാരികളാണ് എത്തുന്നത്.
ആനകളടക്കം വന്യമൃഗങ്ങൾ മേയുന്ന മേടുകളിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്. വന്യജീവികളുടെ ആക്രമണമേൽക്കാതിരിക്കാൻ നല്ല ജാഗ്രത വേണം. അതോടൊപ്പം ഉയർന്ന കുന്നുകളായതിനാൽ ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യതയുണ്ട്. അന്തരീക്ഷ മേഘാവൃതമോ മിന്നലുള്ളപ്പോഴോ കുന്നുകളിൽ കയറാതിരിക്കുക.
സന്ദർശകർ പൂക്കൾ പറിച്ചു കൊണ്ടു പോകുന്നത് വ്യാപകമാണ്. ഇത് ഇവയുടെ നിലനിൽപിനെ ബാധിക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്.അവരും തലമുറയ്ക്ക് വേണ്ടി പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യത കൂടിയാണ്.
#Neelakurinji
#KurinjiBloom
#Strobilantheskunthiana
#TravelHacks

Comments
Post a Comment