ഗസ യുദ്ധവേളയിൽ ഇസ്രായേലിലേക്ക് ഇന്ത്യ ആയുധങ്ങൾ അയച്ചുവെന്ന ആംനസ്റ്റി റിപ്പോർട്ട് ഇപ്പോൾ ചർച്ചയാകുന്നു


ന്യൂഡൽഹി:
ഗസ യുദ്ധ വേളയിൽ ഇസ്രായേലിലേക്ക് ഇന്ത്യ  ആയുധങ്ങൾ അയച്ചുവെന്ന ആംനസ്റ്റി റിപ്പോർട്ട് ഇപ്പോൾ ചർച്ചയാവുകയാണ്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ 2563 തവണ ഇന്ത്യ ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്തതായാണ് ആംനസ്റ്റി റിപ്പോർട്ട് പറയുന്നത്.'മെയ്ഡ് ഇന്‍ ഇന്ത്യ: ഇസ്രായേലിലേക്ക് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വിതരണം' എന്ന തലക്കെട്ടിലാണ്  റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

 ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ഇന്ത്യ തുടരുകയാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നുണ്ട്. 

  ഡ്രോണ്‍ വാര്‍ഹെഡുകളും സ്ഫോടക വസ്തുക്കളും അടക്കം സപ്ലൈചെയ്തുവത്രേ.  ഐഡിഎഫ് ഗസ്സയില്‍ പ്രയോഗിക്കുന്നതായി പറയപ്പെടുന്ന 155 മില്ലീമീറ്റര്‍ ഹൈ എക്‌സ്‌പ്ലോസീവ് ആര്‍ട്ടിലറി ഷെല്ലുകള്‍, സ്‌കൈസ്‌ട്രൈക്കര്‍ ലോയിറ്ററിങ് മ്യുണീഷന്‍ തുടങ്ങിയവയും ഇതിൽപ്പെടും.

 സ്വകാര്യ കമ്പനികള്‍ക്ക് പുറമെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള കമ്പനികളും  ആയുധം കൈമാറ്റചെയ്തതായാണ് വെളിപ്പെടുത്തൽ.

 ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്ന പ്രതിരോധ കമ്പനികളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള ആയുധങ്ങള്‍ നേരിട്ട് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ നിന്നെത്തിയ പല ആയുധങ്ങളും ഖാന്‍ യൂനുസില്‍ നിന്ന് കണ്ടെടുത്ത ആയുധാവശിഷ്ടങ്ങളുമായി സാമ്യമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ സൂചന നൽകുന്നു.  390,516 ചെറിയ ആയുധ ഭാഗങ്ങളും 564,970 സ്‌ഫോടക വസ്തുക്കളും സൈനിക വാഹനങ്ങളുടെ 298 ഭാഗങ്ങളുമാണ് ഇന്ത്യന്‍ കമ്പനികള്‍ ഇസ്രായേലിന് നൽകിയത്.


ജനീവ കണ്‍വെന്‍ഷനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിരുദ്ധമാണ് ഇന്ത്യയുടെ നടപടിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ഇന്ത്യ അവസാനിപ്പിക്കണമെന്നും ആംനസ്റ്റി  ആവശ്യപ്പെട്ടിട്ടുണ്ട്.

 ഗസ്സയില്‍ വംശഹത്യയും അന്താരാഷ്ട്ര നിയമലംഘനങ്ങളും നടക്കാന്‍ സാധ്യതയുള്ളതായി  മുന്നറിയിപ്പ് നല്‍കിയിട്ടും ഇതെല്ലാം അവഗണിച്ചാണ് ഇന്ത്യ ആയുധം നൽകുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ അഗ്നസ് കാലമാര്‍ഡ് പറഞ്ഞു. ആയുധ കയറ്റുമതിയിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യൻ സർക്കാരിനും  ഒമ്പത് കമ്പനികള്‍ക്കും കത്തയച്ചതായും ആംനസ്റ്റി പറയുന്നു.

 ആംനസ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


Comments