സമസ്ത ജന. സെക്രട്ടറി: എംടി ഉസ്താദും ഉമർ ഫൈസിയും യോഗ്യത പട്ടികയിൽ മുന്നിൽ

 


മലപ്പുറം
: കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്ന്, പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ സമസ്ത വൃത്തങ്ങളിൽ സജീവമായി. വരാനിരിക്കുന്ന മുശാവറ യോഗത്തിലാണ് പുതിയ ഭാരവാഹിയെ ഔദ്യോഗികമായി തെരെഞ്ഞെടുക്കുക.

 നിലവിലെ സാഹചര്യങ്ങളും സാധ്യതകളും പരിഗണിച്ചാൽ എം.ടി. അബ്ദുള്ള മുസ്‌ലിയാർക്കാണ് മുൻപ് തൂക്കം എന്നാണ് ണികൾ വിലയിരുത്തുന്നത്. 


സാധ്യത പട്ടികയിലെ പ്രധാനികൾ ഇവർ?

പുതിയ ജനറൽ സെക്രട്ടറി പദവിയിലേക്ക് പ്രധാനമായും എം.ടി. അബ്ദുള്ള മുസ്‌ലിയാർ (എം.ടി. ഉസ്താദ്), ഉമർ ഫൈസി മുക്കം എന്നിവരുടെ പേരുകളാണ് മുഖ്യമായും ചർച്ചകളിൽ മുന്നിലുള്ളത്. 


എം.ടി. ഉസ്താദ്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ ജോയിന്റ് സെക്രട്ടറിയുമാണ്. നിലവിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ഇദ്ദേഹത്തിനാണ്.  മുസ്‌ലിം ലീഗ്  അനുകൂല വിഭാഗത്തിന്റെ പിന്തുണയും ഇദ്ദേഹത്തിനുണ്ടാകാൻ സാധ്യതയുണ്ട്


ഉമർ ഫൈസി മുക്കം: സമസ്തയുടെ കേന്ദ്ര മുശാവറ സെക്രട്ടറിയായ ഇദ്ദേഹത്തെ സംഘടനയിലെ ഒരു വിഭാഗം (പ്രത്യേകിച്ച് ശജറ ഗ്രൂപ്പ്) ശക്തമായി ഉയർത്തിക്കാട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ സീനിയോറിറ്റിയും ഇസ്‌ലാമിക നിയമങ്ങളിലുള്ള അറിവും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 


മറ്റ് പണ്ഡിതന്മാർ: അബ്ദുസ്സലാം ബാഖവി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കോയ്യോട് പി.പി. ഉമ്മർ മുസ്‌ലിയാർ, പി.കെ. മൂസാക്കുട്ടി ഹസ്രത്ത് എന്നിവരുടെ പേരുകളും അണിയറയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതുപോലെ ആദൃശ്ശേരി ഹംസ മുസ്‌ലിയാരുടെ പേരും ലീഗ് അനുകൂല കേന്ദ്രങ്ങളിൽ  ചർച്ചയിലുണ്ട്. നിലവിൽ സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയിലാണ് അദ്ദേഹം ഉള്ളത്.


സുഹാബി, ശജറ പ്രശ്നങ്ങൾ:

സുഹാബി,ശജറ മുതലായ ആഭ്യന്തര തർക്കങ്ങളും രാഷ്ട്രീയ നിലപാടുകളും സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിൽ വലിയ രീതിയിൽ പ്രതിഫലിക്കും എന്ന് ഉറപ്പാണ്. സമസ്തയ്ക്കുള്ളിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട രണ്ട് ചേരികളുടെ നിലപാടുകൾ ഇതിൽ നിർണായകമാണ്:

 മുസ്‌ലിം ലീഗിനെ കേവലം ഒരു രാഷ്ട്രീയ പാർട്ടി മാത്രമായി കാണണമെന്നും, സമസ്തയുടെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടതില്ലെന്നും വാദിക്കുന്ന വിഭാഗമാണ് ശജറകൾ എന്നപേരിൽ റിയപ്പെടുന്നത്. ഈ വിഭാഗം ഉമർ ഫൈസി മുക്കത്തെയാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് പിന്തുണയ്ക്കുന്നത്.


 സമസ്തയും ലീഗും തമ്മിലുള്ള പരമ്പരാഗത ബന്ധം കാത്തുസൂക്ഷിക്കണമെന്ന് സുഹാബികൾ എന്ന് മറുവിഭാഗം ആരോപിക്കുന്ന  വിഭാഗം ആഗ്രഹിക്കുന്നു. ഉമർ ഫൈസി മുക്കം ലീഗ് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ആളായതിനാലും പ്രത്യേകിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി പദവിയെ ചോദ്യം ചെയ്തതടക്കമുള്ള ലീഗ് വിരുദ്ധ നിലപാട് പരസ്യമാക്കിയതിനാലും, എൽ.ഡി.എഫ് സർക്കാരിന്റെ വഖഫ് ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിനാലും ലീഗ് അനുകൂലികൾ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർക്കുന്നു. ഇവർ എം.ടി. ഉസ്താദിനെയോ അല്ലെങ്കിൽ തങ്ങൾക്ക് താല്പര്യമുള്ള മറ്റ് മുതിർന്ന നേതാക്കളെയോ പിന്തുണയ്ക്കാനാണ് സാധ്യത.

 സമസ്ത മുശാവറയിൽ ഇപ്പോൾ മൂന്നോ നാലോ പേർ മാത്രമാണ് ലീഗ് അനുകൂലികളായിട്ട് ഉള്ളത് എന്നാണ് നീരീക്ഷിക്കപ്പെടുന്നത്. ഇവർക്ക് ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാകുമോ എന്നതും ചോദ്യമാണ്. ലീഗ് ഇപ്പോൾ ഭരണപക്ഷത്തായതിനാൽ ഭാരവാഹി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ അവർക്കാവും സമസ്തക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കണമെങ്കിൽ ഈ വിധേയത്വം അനിവാര്യമാകും എന്നാണ് ശജറ വിഭാഗത്തിന്റെ വിലയിരുത്തൽ.

ചുരുക്കത്തിൽ, സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറി ആരായിരിക്കണം എന്നത് കേവലമൊരു പണ്ഡിത തിരഞ്ഞെടുപ്പ് മാത്രമല്ല, സമസ്ത

സംഘടനയുടെ ഭാവി രാഷ്ട്രീയ നിലപാടുകളെയും ലീഗ്-സമസ്ത ബന്ധത്തെയും നിർണയിക്കുന്ന വലിയൊരു അധികാര സമവാക്യത്തിന്റെ പ്രതിഫലനം കൂടിയായിരിക്കും എന്ന് കാര്യം സുനിശ്ചിതം.

Comments